Monday, April 14, 2025
National

കോവിഡ് : മോള്‍നുപിരാവിര്‍ ഗുളികയ്ക്ക് അടിയന്തരാനുമതി ലഭിച്ചേക്കും

കോവിഡ് ചികിത്സയ്ക്കുള്ള മോള്‍നുപിരാവിര്‍ ഗുളികയുടെ അടിയന്തര ഉപയോഗത്തിന് രാജ്യത്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അനുമതി ലഭിച്ചേക്കുമെന്ന് കോവിഡ് സ്ട്രാറ്റജി ഗ്രൂപ്പായ സിഎസ് ഐആര്‍ ചെയര്‍മാന്‍ ഡോ. രാം വിശ്വകര്‍മയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ലക്ഷണങ്ങളോടെ കോവിഡ് രൂക്ഷമാകുന്നവര്‍ക്കോ ആശുപത്രി ചികിത്സ വേണ്ടുന്നവര്‍ക്കോ ആവും മോള്‍നുപിരാവിര്‍ ഗുളിക നല്‍കുക. കോവിഡ്, ലോകം മുഴുവന്‍ വ്യാപിക്കുന്ന ഒരു മഹാമാരി എന്നതില്‍ നിന്ന് പ്രാദേശികമായി വ്യാപിക്കുന്ന ഒരു രോഗത്തിലേക്ക് ചുരുങ്ങുന്ന ഘട്ടത്തില്‍ വാക്‌സിനേഷനേക്കാള്‍ പ്രാധാന്യം ഇത്തരം ഗുളികകള്‍ക്കാണ്. അഞ്ച് കമ്പനികള്‍ മോള്‍നുപിരാവിര്‍ ഉല്പാദകരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. മോള്‍നുപിരാവിര്‍ ഗുളികയ്ക്ക് തുടക്കത്തില്‍ 2000 മുതല്‍ 4000 വരെയാവും ചെലവ്. പിന്നീട് അത് കുറയും.

മോള്‍നുപിരാവിര്‍ എന്നറിയപ്പെടുന്ന ഗുളി­ക മെര്‍ക്ക് യുഎസ്, റിഡ്ജ്ബാക്ക് ബയോതെറാപ്യൂട്ടിക്സ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് വികസിപ്പിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയായ രോഗികളില്‍ ഈ ഗുളിക ഉപയോഗം വഴി ആശുപത്രി വാസവും മരണനിരക്കും പകുതിയായി കുറയ്ക്കാനാകുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *