മൂന്നാം ഏകദിനം വിജയിച്ച് പരമ്പര നേടി ഇന്ത്യ
ഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ ഏഴുവിക്കറ്റിന് തകര്‍ത്തതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയ ഇന്ത്യ പിന്നീടുള്ള രണ്ട് ഏകദിനങ്ങളിലും വിജയിച്ച് പരമ്പര നേടുകയായിരുന്നു.
മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 100 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 19.1 ഓവറില്‍ മറികടന്നു. വെറും 99 റണ്‍സിന് ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കിയ ഇന്ത്യന്‍ ബൗളര്‍മാരാണ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. 49 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലും മികച്ച പ്രകടനം പുറത്തെടുത്തു.
100 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മാന്‍ ഗില്ലും ശിഖര്‍ ധവാനും ആദ്യ വിക്കറ്റില്‍ 42 റണ്‍സ് ചേര്‍ത്ത് മികച്ച തുടക്കം സമ്മാനിച്ചു. എന്നാല്‍ ഏഴാം ഓവറിലെ ആദ്യ പന്തില്‍ ധവാന്‍ റണ്‍ ഔട്ടായി. അനാവശ്യ റണ്ണിന് ശ്രമിച്ച ധവാനെ മാര്‍ക്കോ യാന്‍സണ്‍ റണ്‍ ഔട്ടാക്കി. 14 പന്തുകളില്‍ നിന്ന് എട്ടുറണ്‍സാണ് ഇന്ത്യന്‍ നായകന്റെ സമ്പാദ്യം.