Sunday, January 5, 2025
Sports

ഇംഗ്ലണ്ട് – ഇന്ത്യ മൂന്നാം ഏകദിനം ഇന്ന്; ജയിച്ചാൽ പരമ്പര

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ആദ്യ രണ്ട് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് പരമ്പര 1-1 എന്ന നിലയിൽ സമനിലയിലാണ്. അതുകൊണ്ട് തന്നെ ഇന്ന് വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാനാവും. ടെസ്റ്റ് പരമ്പര സമനിലയിലായപ്പോൾ ടി-20 പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഏകദിന പരമ്പര ഏതുവിധേനയും സ്വന്തമാക്കാനായാണ് ഇംഗ്ലണ്ട് ഇറങ്ങുക. എന്നാൽ, ഏകദിന പരമ്പര കൂടി സ്വന്തമാക്കി പരിമിത ഓവർ പരമ്പരകൾ നേടുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

പരമ്പരയിലെ മത്സരങ്ങളെടുത്താൽ ആദ്യ കളിയിൽ ഇന്ത്യയുടെ ജയം ആധികാരികമായിരുന്നു. ഇംഗ്ലണ്ടിനെ 110 റൺസിന് എറിഞ്ഞിട്ട ഇന്ത്യ വിജയിച്ചത് 10 വിക്കറ്റിന്. തങ്ങളെ തകർത്തുകളഞ്ഞ ഇന്ത്യയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുന്ന ആതിഥേയരെയാണ് അടുത്ത കളിയിൽ കണ്ടത്. 246 റൺസിന് ഓൾഔട്ടായ ഇംഗ്ലണ്ട് ഇന്ത്യയെ 146 റൺസിന് എറിഞ്ഞിട്ടു.

മധ്യനിര ആശങ്കയാണെന്ന് ക്യാപ്റ്റൻ രോഹിത് ശർമ സമ്മതിച്ചുകഴിഞ്ഞു. ടെസ്റ്റിലെ പ്രകടനം പരിമിത ഓവർ മത്സരങ്ങളിൽ ആവർത്തിക്കാൻ ഋഷഭ് പന്തിന് ഇതുവരെ സാധിച്ചിട്ടില്ല. വിരാട് കോലി കരിയറിലെ മോശം ഫോമിൽ. സൂര്യകുമാർ യാദവ് താരതമ്യേന പുതുമുഖമാണ്. എത്രയും വേഗം മധ്യനിരയുടെ ദൗർബല്യം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യ ടി-20 ലോകകപ്പിലടക്കം വിയർക്കും. ഇന്നത്തെ കളിയിൽ ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായി ഇറങ്ങാനാണ് സാധ്യത.

ഇന്ത്യൻ സമയം വൈകിട്ട് 3.30ന് മാഞ്ചസ്റ്ററിലാണ് മത്സരം. ടോസ് നേടുന്ന ടീം ഫീൽഡിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *