ഇംഗ്ലണ്ട്- ഇന്ത്യ വനിതാ ഏകദിനം ഇന്ന്; ഝുലൻ ഗോസ്വാമിയുടെ അവസാന പരമ്പര
ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ടി-20 പരമ്പര 2-1ന് അടിയറ വേക്കേണ്ടിവന്ന ഇന്ത്യ ഏകദിന പരമ്പരയെങ്കിലും സ്വന്തമാക്കാനുറച്ചാണ് ഇറങ്ങുന്നത്. ഇതിഹാസ ഫാസ്റ്റ് ബൗളർ ഝുലൻ ഗോസ്വാമിയുടെ അവസാന പരമ്പരയാവും ഇത്. ഈ മാസം 24ന് ലോർഡ്സിൽ നടക്കുന്ന മൂന്നാം ഏകദിനത്തോടെ താരം കളി മതിയാക്കും. അതുകൊണ്ട് തന്നെ ഗോസ്വാമിയ്ക്ക് അർഹിക്കുന്ന യാത്ര അയപ്പ് നൽകുകയെന്ന ലക്ഷ്യവും ഇന്ത്യൻ ടീമിനുണ്ട്.
ടി-20 പരമ്പരയിൽ സ്മൃതി മന്ദന, ഹർമൻപ്രീത് കൗർ എന്നിവരൊഴികെ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ വിശ്വസിക്കാവുന്ന മറ്റൊരു താരമില്ലെന്നതായിരുന്നു പ്രശ്നം. മറ്റൊരു മികച്ച താരം ജമീമ റോഡ്രിഗ്സ് പരുക്കേറ്റ് പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. ഷഫാലി വർമ ഇതുവരെ തൻ്റെ ബാക്ക്ഫൂട്ട് ദൗർബല്യം മറികടന്നിട്ടില്ല. ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പും ശരിയായില്ല. ഇതുവരെ ഒരു ഫോർമാറ്റിലും ശ്രദ്ധേയ പ്രകടനം നടത്താത്ത ഡയലൻ ഹേമലതയെ മൂന്നാം നമ്പറിൽ പരിഗണിച്ചതും ആഭ്യന്തര ക്രിക്കറ്റിൽ ടോപ്പ് ഓർഡറിൽ തകർപ്പൻ പ്രകടനം നടത്തിവരുന്ന കെപി നവ്ഗിരെയെ ലോവർ ഓർഡറിൽ ഇറക്കി പിന്നീട് പരിഗണിക്കാത്തതുമൊക്കെ ബ്ലണ്ടറുകളായി.
ഏകദിനത്തിലേക്ക് വരുമ്പോൾ ഇന്ത്യ അല്പം കൂടി സുരക്ഷിതമാണ്, യസ്തിക ഭാട്ടിയ, സബ്ബിനേനി മേഘ്ന തുടങ്ങിയ താരങ്ങൾ കൂടി ടീമിലെത്തുമ്പോൾ ബാറ്റിംഗ് കരുത്ത് കുറച്ചുകൂടി കരുത്തുറ്റതാവുന്നു. ഷഫാലി വർമ, സ്മൃതി മന്ദന, സബ്ബിനേനി മേഘൻ, ഹർമൻപ്രീത് കൗർ, യസ്തിക ഭാട്ടിയ, സ്നേഹ് റാണ, ദീപ്തി ശർമ, പൂജ വസ്ട്രാക്കർ, ഝുലൻ ഗോസ്വാമി, രാജേശ്വരി ഗെയ്ക്വാദ്, രേണുക സിംഗ്. ഇതാവും ടീം.