Friday, April 11, 2025
National

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ കഴിയില്ല; ഫെഡറൽ തത്വങ്ങൾക്ക് എതിരെന്ന് മുഖ്യമന്ത്രി

കേന്ദ്രസർക്കാർ ജോലികൾക്ക് ഹിന്ദി പ്രാവിണ്യം നിർബന്ധമാക്കണമെന്ന നിർദേശം പാർലമെൻററി സമിതി നിർദേശത്തിൽ എതിർപ്പ് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് അറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. നീക്കം ഫെഡറൽ തത്വങ്ങൾക്ക് എതിരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

മറ്റ് ഭാഷകൾക്ക് മേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം എന്നും ഇന്ത്യയിൽ നിരവധി ഭാഷകളുണ്ട് , രാജ്യത്തിന്റെ ഭാഷയായി ഒന്നിനെ മാത്രം പറയാൻ സാധിക്കില്ല, മത്സര പരീക്ഷകൾക്കുള്ള ചോദ്യപേപ്പർ ഒരു ഭാഷയിൽ മാത്രമാക്കരുതെന്നും മുഖ്യമന്ത്രി കത്തിൽ പരാമർശിച്ചു.

കേന്ദ്ര റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ ചോദ്യ പേപ്പർ ഹിന്ദിയിൽ മാത്രമാക്കാനും ഹിന്ദി അറിയുന്നവർക്ക് മാത്രമായി കേന്ദ്ര സർക്കാർ ജോലി പരിമിതപ്പെടുത്താനും നിർദേശമുണ്ട്. കേന്ദ്ര സർക്കാർ കത്തിടപാടും ഓഫീസ് പ്രവർത്തനവും ഹിന്ദി ഭാഷയിലേക്ക് മാറ്റുകയും കേന്ദ്ര സർവകലാശാലയിലും അനുബന്ധ സ്ഥാപനങ്ങളിലും ഹിന്ദി മീഡിയം മാത്രമാക്കുക തുടങ്ങി ഭാഷാ പരമായ വേർതിരിവ് സൃഷ്ടിക്കുന്ന 112 ശുപാർശകളാണ് സമിതി നൽകിയിരിക്കുന്നത്.

അതേസമയം ഹിന്ദി ഭാഷ അറിയാത്തവർക്ക് കേന്ദ്ര സർക്കാർ ജോലി നൽകരുതെന്ന അമിത് ഷാ അധ്യക്ഷനായ ഔദ്യോഗിക ഭാഷാ സമിതി രാഷ്ട്രപതിക്ക് സമർപ്പിച്ച ശുപാർശകൾ രാജ്യത്തിന്റെ ബഹുസ്വരതയെ ഇല്ലാതാക്കുന്നതാണെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യത്തെയും ഹനിച്ച് നാനാത്വത്തിൽ ഏകത്വമെന്ന മാനവികമായ കാഴ്ച്ചപ്പാടിനെ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരായി ഒക്ടോബർ 12 ന് യുവജന പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *