Monday, March 10, 2025
Sports

വീണ്ടും മഴ കളിച്ചു! ഇന്ത്യ-പാക് രണ്ടാം മത്സരവും ഉപേക്ഷിച്ചു; റിസര്‍വ് ഡേയില്‍ മാച്ച് പൂര്‍ത്തിയായേക്കും

കൊളംബൊ: ഏഷ്യാ കപ്പില്‍ ഇന്ത്യ – പാകിസ്ഥാന്‍ മത്സരം വീണ്ടും മഴ മുടക്കി. നേരത്തെ മഴക്ക് ശമനമുണ്ടായിരുന്നെങ്കിലും ഔട്ട് ഫീല്‍ഡ് നനഞ്ഞതിനെ തുടര്‍ന്ന് മത്സരം പുനരാരംഭിക്കാനായിരുന്നില്ല. നനഞ്ഞിരിക്കുന്ന ഭാഗം ഉണക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് വീണ്ടും മഴയെത്തിയത്. 34 ഓവറാക്കി കുറച്ച് ഒമ്പത് മണിക്ക് മത്സരം പുനരാരംഭിക്കാനായിരുന്നു അംപയര്‍മാരുടെ പദ്ധതി. എന്നാല്‍ ഇതിനിടെ വീണ്ടും മഴയെത്തിയത് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാക്കി. ഇന്ന് മത്സരം പുനരാരംഭിക്കാനാവില്ലെന്ന് അംപയര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. റിസര്‍വ് ദിനമുള്ളതിനാല്‍ നാളെ പൂര്‍ത്തിയാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 24.1 ഓവറിന്‍റെ ബാക്കിയായി ഇന്ത്യ ബാറ്റിംഗ് തുടരും. മൂന്ന് മണിക്ക് പാകിസ്ഥാന്‍ ശേഷിക്കുന്ന ഓവറുകള്‍ എറിയും.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റിംഗിനെത്തുകയായിരുന്നു. മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. 24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തിരിക്കെയാണ് മഴയെത്തിയത്. രോഹിത് ശര്‍മ (56), ശുഭ്മാന്‍ ഗില്‍ (58) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 121 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. മത്സരം നിര്‍ത്തിവെക്കുമ്പോള്‍ വിരാട് കോലി (8), കെ എല്‍ രാഹുല്‍ (17) എന്നിവരാണ് ക്രീസില്‍. ഷദാബ് ഖാന്‍, ഷഹീന്‍ അഫ്രീദി എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.

ഒന്നാം വിക്കറ്റില്‍ ഗില്ലായിരുന്നു കൂടുതല്‍ അപകടകാരി. രോഹിത്താവട്ടെ നസീം ഷാക്കെതിരെ താളം കണ്ടെത്താന്‍ കുറച്ച് ബുദ്ധിമുട്ടി. എങ്കിലും ഷഹീനെതിരെ സിക്‌സടിച്ചാണ് രോഹിത് തുടങ്ങിയത്. മറുവശത്ത് ഗില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. നസീമിനെതിരെ വിയര്‍ത്തെങ്കിലും വൈകാതെ രോഹിത്തും സ്വതസിദ്ധമായ ശൈലിയിലേക്ക് മാറി. രോഹിത്താണ് ആദ്യം മടങ്ങുന്നത്.

ഷദാബിനെ ലോങ് ഓഫിലൂടെ കളിക്കനുള്ള ശ്രമത്തില്‍ ഫഹീം അഷ്‌റഫിന് ക്യാച്ച് നല്‍കി. 49 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും ആറ് ഫോറും നേടിയിരുന്നു. അടുത്ത ഓവറില്‍ ഗില്ലും വിക്കറ്റ് നല്‍കി. ഷഹീന്റെ സ്ലോബോള്‍ മനസിലാക്കാന്‍ ഗില്ലിന് സാധിച്ചില്ല. ഷോര്‍ട്ട് കവറില്‍ അഗ സല്‍മാന് ക്യാച്ച്. 52 പന്തുകള്‍ നേരിട്ട താരം 10 ബൗണ്ടറികള്‍ നേടി.

Leave a Reply

Your email address will not be published. Required fields are marked *