Sunday, January 5, 2025
Sports

ബൗളിംഗില്‍ മിന്നു മണി, ബാറ്റിംഗില്‍ ഹര്‍മന്‍പ്രീത് കൗ‍ര്‍; ബംഗ്ലാദേശിനെ തൂത്തെറിഞ്ഞ് ഇന്ത്യ

ധാക്ക: ബംഗ്ലാദേശിനെതിരായ മൂന്ന് ട്വന്‍റി 20കളുടെ പരമ്പരയില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്‍റെ ഗംഭീര വിജയത്തുടക്കം. ധാക്കയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാ വനിതകളുടെ 114 റണ്‍സ് ഇന്ത്യ 16.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ മറികടന്നു. മറുപടി ബാറ്റിംഗില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ വിജയശില്‍പി. ഓപ്പണര്‍ സ്‌മൃതി മന്ഥാന 34 പന്തില്‍ 38 നേടി പുറത്തായി. നേരത്തെ ബൗളിംഗില്‍ അരങ്ങേറ്റ മത്സരം കളിച്ച മലയാളി താരം മിന്നു മണി വിക്കറ്റ് സ്വന്തമാക്കിയിരുന്നു.

മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടി നേരിട്ടു. ഇന്നിംഗ്‌സിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ ഷെഫാലി വര്‍മ്മയെ(3 പന്തില്‍ 0) മറൂഫ അക്‌തര്‍ എല്‍ബിയില്‍ കുരുക്കി. സുല്‍ത്താന ഖാത്തൂന്‍ എറിഞ്ഞ നാലാം ഓവറിലെ അവസാന പന്തില്‍ ജെമീമ റോഡ്രിഗസ്(14 പന്തില്‍ 11) ബൗള്‍ഡാവുകയും ചെയ്‌തു. ഇതിന് ശേഷം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ സ്‌മൃതി മന്ഥാനയും ചേര്‍ന്ന് ഇന്ത്യയെ അനായാസം ജയിപ്പിക്കുമെന്ന് തോന്നിച്ചു. ഇതിനിടെ കൗറിന്‍റെ ക്യാച്ച് നിലത്തിടുകയും ചെയ്തു. പിന്നാലെ മന്ഥാന(34 പന്തില്‍ 38) സുല്‍ത്താന ഖാത്തൂനെ ക്രീസ് വിട്ടിറങ്ങി സിക്‌സര്‍ പറത്താനുള്ള ശ്രമത്തില്‍ സ്റ്റംപ് ചെയ്യപ്പെട്ടു. കൂടുതല്‍ നഷ്‌ടങ്ങളില്ലാതെ ഹര്‍മനും(35 പന്തില്‍ 54) യാസ്‌തിക ഭാട്യയും(12 പന്തില്‍ 9*) ഇന്ത്യക്ക് 7 വിക്കറ്റ് ജയം സമ്മാനിച്ചു.

അരങ്ങേറ്റ മത്സരത്തില്‍ തന്‍റെ ആദ്യ ഓവറിലെ നാലാം പന്തില്‍ മിന്നു മണി വിക്കറ്റെടുത്തപ്പോള്‍ ഒന്നാം ട്വന്‍റി 20യില്‍ ബംഗ്ലാ വനിതകള്‍ക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 114 റണ്‍സേ നേടാനായുള്ളൂ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനായി ഷാത്തി റാനി-ഷമീമ സുല്‍ത്താന സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 4.4 ഓവറില്‍ 27 റണ്‍സ് ചേര്‍ത്തപ്പോള്‍ ബ്രേക്ക് ത്രൂ നേടുകയായിരുന്നു മിന്നു മണി. 13 പന്തില്‍ 17 റണ്‍സ് പേരിലാക്കിയ ഷമീമ സുല്‍ത്താനയെ മിന്നു പറഞ്ഞയച്ചു. ഡീപ് സ്‌ക്വയര്‍ ലെഗില്‍ ജെമീമ റോഡ്രിഗസിനായിരുന്നു ക്യാച്ച്. 28 പന്തില്‍ 28* റണ്‍സ് നേടിയ ഷോര്‍ന അക്‌തറാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ നൈഗര്‍ സുല്‍ത്താന 2 റണ്ണില്‍ മടങ്ങി. ഷാത്തി റാനി(26 പന്തില്‍ 22), ശോഭന മോസ്‌തരി(33 പന്തില്‍ 23), റിതു മോനി(13 പന്തില്‍ 11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുള്ളവര്‍.

മിന്നുവിന് പുറമെ പൂജ വസ്‌ത്രകറും ഷെഫാലി വര്‍മയും ഓരോ വിക്കറ്റ് നേടി. രണ്ട് ബംഗ്ലാ താരങ്ങള്‍ റണ്ണൗട്ടായി. തന്‍റെ മൂന്ന് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്താണ് മിന്നു മണി ഒരു വിക്കറ്റ് നേടിയത്.

­

Leave a Reply

Your email address will not be published. Required fields are marked *