Thursday, January 9, 2025
Sports

ഫുട്‌ബോൾ ആരാധകർക്ക് മിതമായ നിരക്കിൽ ആകർഷകമായ താമസ സൗകര്യമൊരുക്കി ഖത്തർ

ഫിഫ ലോകകപ്പിന് ഖത്തറിലേക്കെത്തുന്ന ഫുട്‌ബോൾ ആരാധകർക്ക് മിതമായ നിരക്കിൽ ആകർഷകമായ താമസ സൗകര്യങ്ങൾ. ലോകകപ്പ് ഖത്തർ ഒഫീഷ്യൽ അക്കമഡേഷൻ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി യിലെ ഹൗസിംഗ് ഡിപ്പാർട്ട്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഒമർ അൽ ജാബർ പറഞ്ഞു

www.qatar2022.qa എന്ന ഔദ്യോഗിക അക്കമഡേഷൻ പ്ളാറ്റ്‌ഫോമിൽ 2,000 പരമ്പരാഗതവും ആധുനികവുമായ ഫൈവ് സ്റ്റാർ ക്യാമ്പുകൾ ആരാധകർക്കായി ലഭ്യമാണെന്ന് ഖത്തർ റേഡിയോയുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു. അൽ ഖോറിലെ ഫാൻ ഗ്രാമത്തിൽ ആകെ 200 ഫൈവ് സ്റ്റാർ പരമ്പരാഗത ക്യാമ്പുകൾ ലഭ്യമാണ്. ഓരോ ക്യാമ്പിലും രണ്ട് കിടക്കകളും ഒരു കുളിമുറിയും ഉണ്ടെന്നും രണ്ട് പേർക്ക് താമസിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, ആരാധക ഗ്രാമത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും മത്സരങ്ങൾ കാണുന്നതിന് കൂറ്റൻ സ്‌ക്രീനുകൾ ഉണ്ടായിരിക്കുമെന്നും അൽ ജാബർ പറഞ്ഞു. 1,800 ആധുനിക ക്യാമ്പുകളും ആരാധകർക്കുള്ള താമസ സൗകര്യങ്ങളും ക്വിതൈഫാൻ ദ്വീപിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് അൽ ജാബർ പറഞ്ഞു.

ടിക്കറ്റ് പ്രഖ്യാപനത്തിന് ശേഷം ഡിമാൻഡ് വർധച്ചതിനാൽ പ്ലാറ്റ്‌ഫോമിന് ധാരാളം ബുക്കിംഗുകൾ ലഭിച്ചു. ഇതുവരെ ഏകദേശം 130,000 മുറികൾ പ്ലാറ്റ്‌ഫോമിലൂടെ നൽകിയിട്ടുണ്ട്,’ അൽ ജാബർ പറഞ്ഞു. മെഗാ സ്‌പോർട്‌സ് ഇവന്റിനിടെ ആരാധകർക്ക് നിരവധി താമസസൗകര്യങ്ങൾ നൽകുന്നതിനായി പ്ലാറ്റ്‌ഫോം 2022 മാർച്ച് മുതൽ തീവ്രമായ പരിശ്രമങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ സ്റ്റാർ വിഭാഗങ്ങളിലെ ഹോട്ടലുകൾ, ദോഹ തുറമുഖത്ത് ഫ്ലോട്ടിംഗ് ഹോട്ടലുകളായി പ്രവർത്തിക്കുന്ന ഭീമൻ ക്രൂയിസ് കപ്പലുകൾ, താൽക്കാലിക ഹോട്ടലുകളായി പ്രവർത്തിക്കുന്ന ഒരു സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റാലിറ്റി സർവീസ് പ്രൊവൈഡർ നിയന്ത്രിക്കുന്ന സർവീസ് അപ്പാർട്ടുമെന്റുകൾ, വില്ലകൾ തുടങ്ങി വൈവിധ്യമാർന്ന ഓപ്ഷനുകൾ പ്ലാറ്റ്‌ഫോം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

”പ്ലാറ്റ്‌ഫോമിലേക്ക് ചേർത്തിരിക്കുന്ന മറ്റൊരു ഓപ്ഷൻ നിരവധി സ്ഥലങ്ങളിൽ സ്ഥിതിചെയ്യുന്ന ഫാൻ വില്ലേജിലെ ക്യാമ്പിംഗും ക്യാബിൻ ശൈലിയിലുള്ള താമസസൗകര്യങ്ങളുമാണ്, ” അൽ ജാബർ പറഞ്ഞു. കമ്മ്യൂണിറ്റി അംഗങ്ങൾക്ക് പ്ലാറ്റ്‌ഫോമിലൂടെ അവരുടെ സ്‌പെയർ ഹോം വാ​ഗ്ദാനം ചെയ്യാവുന്ന ഒഴിഞ്ഞ വീടുകളാണ് മറ്റൊരു താമസ ഓപ്ഷൻ എന്നും അദ്ദേഹം പറഞ്ഞു.

ഫ്ലോട്ടിംഗ് ഹോട്ടലുകളെക്കുറിച്ചുള്ള ചോദ്യത്തിന്, ലോകകപ്പ് സമയത്ത് രണ്ട് ഭീമൻ ക്രൂയിസ് കപ്പലുകൾ ഫ്ലോട്ടിംഗ് ഹോട്ടലുകളായി പ്രവർത്തിക്കുമെന്നും അവ നവംബർ 10, 14 തീയതികളിൽ ദോഹ തുറമുഖത്ത് നങ്കൂരമിടുമെന്നും അദ്ദേഹം പറഞ്ഞു.

9,500ലധികം ആരാധകരെ ഉൾക്കൊള്ളാൻ ക്രൂയിസ് കപ്പലുകൾ 4,000 മുറികൾ നൽകും, അൽ ജാബർ പറഞ്ഞു. തിയറ്റർ, സിനിമ, സ്‌പോർട്‌സ് ഏരിയ, ഗെയിമുകൾ, സ്വിമ്മിംഗ് പൂളുകൾ, കൊമേഴ്‌സ്യൽ ഔട്ട്‌ലെറ്റുകൾ, റെസ്റ്റോറന്റുകൾ എന്നിങ്ങനെ കപ്പലുകളുടെ എല്ലാ സൗകര്യങ്ങളും ഒരു സാധാരണ യാത്രയിൽ പോലെ ആയിരിക്കുമെന്നും കപ്പലുകൾ ടൂർണമെന്റ് അവസാനിക്കുന്നത് വരെ ദോഹ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്രൂയിസ് കപ്പലുകളിലെ മുറികളുടെ വില സംബന്ധിച്ച്, സീഫേസിംഗ് അല്ലെങ്കിൽ കപ്പലിനുള്ളിലെ മുറികളുടെ തരവും സ്ഥാനവും അനുസരിച്ചായിരിക്കും വിലകൾ എന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിലേക്ക് വരുന്ന അന്താരാഷ്ട്ര ആരാധകരോട്, തെരഞ്ഞെടുക്കാൻ ഒന്നിലധികം താമസ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന www.qatar2022.qa വഴി ബുക്ക് ചെയ്ത് അവരുടെ താമസ സൗകര്യങ്ങൾ സുരക്ഷിതമാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *