ഏഷ്യാ കപ്പ്: ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ; അക്സർ പട്ടേൽ കളിച്ചേക്കും
ഏഷ്യാ കപ്പിൽ ഇന്ന് ‘ഡെഡ് റബ്ബർ’. ടൂർണമെൻ്റിൽ നിന്ന് പുറത്തായ അഫ്ഗാനിസ്താനും ഇന്ത്യയും തമ്മിലാണ് ഇന്നത്തെ മത്സരം. ഇരു ടീമുകളും സൂപ്പർ ഫോറിൽ ശ്രീലങ്കയ്ക്കും പാകിസ്താനുമെതിരായ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. ഈ ടീമുകൾ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരഫലം ഫൈനൽ പ്രവേശനത്തെ സ്വാധീനിക്കില്ല. സൂപ്പർ ഫോറിൽ ഒരു മത്സരമെങ്കിലും വിജയിക്കുക എന്ന ലക്ഷ്യത്തോടെയാവും ഇരു ടീമുകളും ഇറങ്ങുക. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
ദുർബലമായ ബൗളിംഗും മധ്യനിരയുമാണ് ഇന്ത്യയെ നിരാശപ്പെടുത്തിയത്. ഭുവനേശ്വർ കുമാർ സൂപ്പർ ഫോറിലെ രണ്ട് മത്സരങ്ങളിലെയും അവസാന ഓവറുകളിൽ നിരാശപ്പെടുത്തിയപ്പോൾ യുസ്‌വേന്ദ്ര ചഹാലും അത്ര മികച്ച പ്രകടനങ്ങളല്ല നടത്തിയത്. ഹാർദിക് പാണ്ഡ്യ പാകിസ്താനെതിരായ ആദ്യ മത്സരത്തിനു ശേഷം ബാറ്റിംഗിലും ബൗളിംഗിലും നിരാശപ്പെടുത്തി. ടി-20 ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പാണ് ഏഷ്യാ കപ്പെന്ന് ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞതിനാൽ ഇന്ന് ചില പരീക്ഷണങ്ങൾക്ക് സാധ്യതയുണ്ട്. ഇതുവരെ അവസരം ലഭിക്കാത്ത അക്സർ പട്ടേലും ദീപക് ചഹാറും ഇന്ന് കളിക്കാനിടയുണ്ട്. ദിനേഷ് കാർത്തികിനും അവസരം ലഭിച്ചേക്കും.
ശ്രീലങ്കയ്ക്കും പാകിസ്താനുമെതിരെ പൊരുതിയെങ്കിലും പരാജയപ്പെട്ട അഫ്ഗാനിസ്താൻ കടുത്ത പോരാട്ടവീര്യം കാണിക്കുമെന്നുറപ്പാണ്. മുജീബ് റഹ്മാനും റാഷിദ് ഖാനും അടങ്ങുന്ന സ്പിൻ ദ്വയമാണ് അവരുടെ കരുത്ത്. ബാറ്റിംഗിൽ റഹ്മാനുള്ള ഗുർബാസ് മികച്ച ഫോമിലാണ്.