ടോക്യോയിൽ ചരിത്രം പിറന്നു: ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് സ്വർണം
നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം. ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിൽ ഇന്ത്യക്ക് ഒടുവിൽ സുവർണ തിളക്കം. ടോക്യോ ഒളിമ്പിക്‌സ് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണം നേടി. 87.58 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണമെഡൽ അണിഞ്ഞത്. ഇതാദ്യമായാണ് ഒളിമ്പിക്‌സ് അത്‌ലറ്റ്ക്‌സിൽ ഇന്ത്യ മെഡൽ നേടുന്നത്.
12 താരങ്ങളാണ് ഫൈനലിൽ മത്സരിച്ചത്. ഇതിൽ നീരജിന് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് കരുതിയ ജർമൻ താരം ജൊഹാനസ് വെറ്റർ അവസാന എട്ടിൽ എത്താതെ പുറത്തായി. ആദ്യ റൗണ്ടിൽ നീരജ് 87.03 മീറ്ററാണ് എറിഞ്ഞത്. രണ്ടാം ശ്രമത്തിൽ 87.58 മീറ്ററും നീരജ് കണ്ടെത്തി. ഇതാണ് സ്വർണത്തിലേക്ക് വഴി തെളിച്ചത്
മൂന്നാം ശ്രമത്തിൽ 76.79 മീറ്ററിലെത്തിക്കാനേ ഇന്ത്യൻ താരത്തിന് സാധിച്ചുള്ളു. നാലാം ശ്രമവും അഞ്ചാം ശ്രമവും ഫൗളായി മാറി. എങ്കിലും ആദ്യ രണ്ട് മികച്ച ദൂരവും നീരജിന്റെ തന്നെയായിരുന്നു. ചെക്ക് താരം വെസ്ലിക്കാണ് വെള്ളി മെഡൽ.