ഡ്രസിംഗ് റൂമിലെത്തി വിശേഷങ്ങൾ പങ്കിട്ട് കോഹ്ലിയും കൂട്ടരും; നന്ദി പറഞ്ഞ് സ്‌കോട്ട്‌ലാൻഡ്
ടി20 ലോകകപ്പിലെ നാലാം മത്സരത്തിലെ വിജയത്തിന് ശേഷം സ്‌കോട്ട്‌ലാൻഡിന്റെ ഡ്രസിംഗ് റൂമിലെത്തി ഇന്ത്യൻ താരങ്ങൾ. നായകൻ വിരാട് കോഹ്ലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, ആർ അശ്വിൻ, ജസ്പ്രീത് ബുമ്ര എന്നിവരാണ് സ്‌കോട്ട്‌ലാൻഡിന്റെ ഡ്രസിംഗ് റൂമിലെത്തിയത്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ സ്‌കോട്ട്‌ലാൻഡിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയതിന് ശേഷമായിരുന്നു കോഹ്ലിയുടെയും സംഘത്തിന്റെയും അപ്രതീക്ഷിത സന്ദർശനം
ഇന്ത്യൻ താരങ്ങൾ ഡ്രസിംഗ് റൂമിൽ നിൽക്കുന്നതിന്റെ ചിത്രങ്ങൾ സ്‌കോട്ട്‌ലാൻഡ് ക്രിക്കറ്റ് ബോർഡ് ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രത്യേക സമയം കണ്ടെത്തിയതിന് കോഹ്ലിയോട് വലിയ ബഹുമാനം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വിരാട് കോഹ്ലി സ്‌കോട്ടിഷ് ഡ്രസിംഗ് റൂമിൽ വരണമെന്ന് സ്‌കോട്ട്‌ലാൻഡ് നായകൻ കോട്‌സർ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.