Friday, January 3, 2025
Kerala

തൃശൂർ മച്ചാട് റേഞ്ചിന് കീഴിലെ ചന്ദനമരംകൊള്ള ഒതുക്കിത്തീർക്കാൻ അന്വേഷണസംഘത്തിൻറെ നീക്കം

തൃശൂർ മച്ചാട് റേഞ്ചിന് കീഴിലെ ചന്ദനമരംകൊള്ള ഒതുക്കിത്തീർക്കാൻ അന്വേഷണസംഘത്തിൻറെ നീക്കം. പതിനഞ്ചിൽ താഴെ മരങ്ങൾ മാത്രമാണ് മുറിച്ച നിലയിൽ കാണുന്നതെന്ന റിപ്പോർട്ട് നൽകി തലയൂരാനാണ് ശ്രമം. അതേ സമയം സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ചുമതല നൽകിയവരിൽ അവധിയിലുള്ള ഉദ്യോഗസ്ഥനും ഉൾപ്പെടും. വാഴച്ചാൽ റെയ്ഞ്ച് ഓഫീസർ ഡെൽറ്റോ മൊറോക്കിയാണ് അവധിയെടുത്ത് തമിഴ്നാട്ടിൽ യാത്രയിലുള്ളത്.

മച്ചാട് റെയ്ഞ്ചിന് കീഴിലുള്ള ചേപ്പലക്കോട് വനമേഖലയിലെ ചന്ദനമരം കൊള്ള ഇന്നലെ പുറത്തുവന്നതിന് പിന്നാലെയാണ് സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അന്വേഷണസംഘത്തെ നിയോഗിച്ചത്. അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ അനസ് എംഎ, വാഴച്ചാൽ റെയ്ഞ്ച് ഓഫീസർ ഡെൽറ്റോ മൊറോക്കി, വെള്ളിക്കുളങ്ങര സെക്ഷൻ ഓഫീസർ സതീഷ്കുമാർ, ബീറ്റ് ഓഫീസർ രജീഷ് എന്നിവരുൾപ്പെട്ടതാണ് സംഘം.

15ൽ താഴെ ചന്ദനമരങ്ങളാണ് മുറിച്ചതെന്ന റിപ്പോർട്ട് സമർപ്പിച്ച് തലയൂരാനാണ് അന്വേഷണ സംഘത്തിൻറെ ശ്രമം. ചന്ദനമരംകൊള്ളയിൽ ആരോപണ വിധേയർ മേഖലയിലെ വനംവകുപ്പുദ്യോഗസ്ഥർ കൂടിയാണെന്നതാണ് അട്ടിമറി നീക്കത്തിന് കാരണം. നൂറിലേറെ മരങ്ങൾ മേഖലയിൽ മുറിച്ചുകടത്തുകയും കാതൽ നോക്കാനായി തുരന്നിടുകയും ചെയ്തിട്ടുണ്ടെന്ന് ഇന്നലെ സ്ഥലം സന്ദർശിച്ച കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു.

അതേ സമയം അന്വേഷണ സംഘത്തിലെ രണ്ടാമനായ റെയ്ഞ്ച് ഓഫീസർ ഡെൽറ്റോ മൊറോക്കി ഇന്ന് അവധിയായിരുന്നിട്ടു കൂടി അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയത് വിചിത്ര നടപടിയായി. തമിഴ്നാട്ടിലൂടെ റെയ്ഞ്ച് ഓഫീസർ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. ചന്ദനമരം കൊള്ള അന്വേഷിക്കുന്നതിൽ ഉദാസീനതയാണ് വനം വകുപ്പിനെന്ന ആരോപണമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയും ഉയരുന്നത്.

നേരത്തെ മരംകൊള്ള ചൂണ്ടിക്കാട്ടിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് നേതാക്കൾ കാടുകയറി വിഷയം പൊതുജന ശ്രദ്ധയിൽ എത്തിച്ചത്. എന്നാൽ വനത്തിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ച് കേസ് എടുത്ത് പ്രതികാരം തീർക്കാനുള്ള നീക്കവും വനംവകുപ്പ് നടത്തുന്നതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *