സന്തോഷ് ട്രോഫിയിൽ ജയം തുടർന്ന് കേരളം; ബീഹാറിനെ വീഴ്ത്തിയത് ഒന്നിനെതിരെ 4 ഗോളുകൾക്ക്
സന്തോഷ് ട്രോഫിയിൽ ജയം തുടർന്ന് കേരളം. ഇന്ന് ബീഹാറിനെ നേരിട്ട കേരളം ഒന്നിനെതിരെ 4 ഗോളുകൾക്ക് വിജയിച്ച് ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനം നിലനിർത്തി. നിജോ ഗിൽബെർട്ട് ഇരട്ട ഗോളുകൾ നേടി. വിശാഖ് മോഹൻ, അബ്ദു റഹീം എന്നിവരാണ് മറ്റ് ഗോൾ സ്കോറർമാർ.
24 ആം മിനിട്ടിൽ തന്നെ കേരളം ആദ്യ ഗോളടിച്ചു. ഒരു ഫ്രീകിക്കിൽ നിന്ന് നിജോ ആണ് ഗോൾ വേട്ട ആരംഭിച്ചത്. 4 മിനിട്ടുകൾക്ക് ശേഷം ഒരു പെനാൽറ്റിയിലൂടെ നിജോ ലീഡ് ഇരട്ടിയാക്കി. 70ആം മിനിട്ടിൽ മുന്ന മണ്ഡിയിലൂടെ ബീഹാർ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും 81ആം മിനിട്ടിൽ വിശാഖ് മോഹനനും 85ആം മിനിട്ടിൽ അബ്ദു റഹീമും കേരളത്തിൻ്റെ ഗോൾ പട്ടിക പൂർത്തിയാക്കി. ഇരുവരും പകരക്കാരായി ഇറങ്ങിയാണ് ഗോൾ നേടിയത്.