മെസിയെ വാങ്ങാൻ വമ്പൻ ഓഫറുമായി സൗദി ക്ലബ്; ലഭിക്കുന്നത് ക്രിസ്റ്റ്യാനോയെക്കാൾ കുറഞ്ഞ തുക
അജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയും സൗദി ലീഗിലേക്കെത്തിയേക്കും. എന്നാൽ മെസിക്ക് ലഭിക്കുന്നതാകട്ടെ ക്രിസ്റ്റ്യാനോയെക്കാൾ കുറഞ്ഞ തുകയാണ്. വമ്പൻ തുകയ്ക്ക് അൽഇത്തിഹാദ് ആണ് താരത്തെ സ്വന്തമാക്കാൻ നീക്കം നടത്തുന്നത്. 1,950 കോടി എന്ന വമ്പൻ തുകയ്ക്കാണ് അൽനസ്ർ ക്ലബ് ക്രിസ്റ്റ്യാനോയെ സ്വന്തമാക്കിയത്. വിദേശ മാധ്യമമായ മിറർ റിപ്പോർട്ട് പ്രകാരം ഒരു സീസണിന് മെസിക്ക് 94 മില്യൻ ഡോളറാണ്(ഏകദേശം 770 കോടി രൂപ) അൽഇത്തിഹാദിന്റെ ഓഫർ.
രണ്ടു വർഷത്തെ കരാറാണ് ടീം ലക്ഷ്യമിടുന്നത്. 2008-09നുശേഷം സൗദി ദേശീയ കിരീടം സ്വന്തമാക്കുകയാണ് മുൻ പോർച്ചുഗീസ് താരം ന്യൂനോ എസ്പിരിറ്റോ പരിശീലിപ്പിക്കുന്ന ഇത്തിഹാദിന്റെ ലക്ഷ്യം. മെസി എത്തുന്നതോടെ ടീമിന്റെ പ്രകടനം തന്നെ ഒന്നാകെ മാറുമെന്ന പ്രതീക്ഷയിലാണ് ക്ലബ്. മെസിയെ നേരത്തെ അൽഹിലാലും നോട്ടമിട്ടിരുന്നു.
മെസിയുടെ പി.എസ്.ജിയുമായുള്ള കരാർ ഈ വർഷം അവസാനിക്കുകയാണ്. പി.എസ്.ജിയുമായുള്ള കരാർ പുതുക്കുമോ എന്ന കാര്യം വ്യക്തമല്ല. യു.എസ് ക്ലബായ ഇന്റർ മിയാമിയുമായി ചർച്ച നടക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. മുൻ ക്ലബ് ബാഴ്‌സലോണയിലേക്കു മടങ്ങുമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യം താരത്തിന്റെ മാനേജറും അച്ഛനുമായ ജോർജ് മെസി തള്ളിയിട്ടുണ്ട്.