വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തി ഹർഷിന, സമരം പിൻവലിച്ചു
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ മുന്നിൽ സമരം ചെയ്ത ഹർഷിന സമരം പിൻവലിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജുമായുള്ള ചർച്ചയ്ക്കു ശേഷമാണ് തീരുമാനം.
കോഴിക്കോട് മെഡിക്കൽ കോളജിന്റെ അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയതാണ് ആരോഗ്യമന്ത്രി. ഇതിനിടെയാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ മുന്നിൽ സമരം ചെയ്യുന്ന ഹർഷിനയെ കാണാൻ എത്തിയത്.
നീതി ലഭിക്കുമെന്ന് ആരോഗ്യമന്ത്രി ആരോഗ്യമന്ത്രി ഹർഷിനയ്ക്കു ഉറപ്പു നൽകി. കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫിസില്‍ വച്ചായിരുന്നു ചർച്ച. മന്ത്രി വീണാ ജോർജ് സമരപ്പന്തലിൽ എത്തി ഹർഷിനയെ കണ്ടശേഷം ചർച്ചയ്ക്ക് ക്ഷണിക്കുകയായിരുന്നു. ഹർഷിനയ്ക്കൊപ്പം ഭർത്താവും ചർച്ചയിൽ പങ്കെടുത്തു.
ഹർഷിനയുടെ വയറ്റിൽനിന്ന് കണ്ടെത്തിയ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക കോഴിക്കോട് മെഡിക്കൽ കോളജിന്റെയല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. 2017ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷമാണ് അസഹനീയമായ വേദനയും മറ്റും അനുഭവപ്പെട്ടതെന്ന് ഹർഷിന ചൂണ്ടിക്കാട്ടിയിരുന്നു.