2023 സീസണിലെ ഐപിഎൽ ലേലം ഡിസംബറിലെന്ന് സൂചന; വനിതാ ഐപിഎൽ അടുത്ത വർഷം
2023 സീസണിലെ ഐപിഎൽ ലേലം ഈ വർഷം ഡിസംബറിൽ നടക്കുമെന്ന് സൂചന. ഡിസംബർ 16നാവും ലേലം എന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. എവിടെ വച്ചാവും ലേലം നടക്കുക എന്ന് വ്യക്തമല്ല. വരുന്ന സീസൺ മുതൽ ഐപിഎൽ വീണ്ടും പഴയ ഹോം- എവേ രീതിയിലാവും നടത്തുക എന്ന് നേരത്തേ ബിസിസിഐ അറിയിച്ചിരുന്നു. വരുന്ന സീസണിലെ ഐപിഎൽ മാർച്ച് അവസാനം ആരംഭിക്കുമെന്നാണ് സൂചന.
അതേസമയം, വനിതാ ഐപിഎൽ അടുത്ത വർഷം ആരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ഏറെക്കാലമായി ക്രിക്കറ്റ് ആരാധകരും താരങ്ങളും ആവശ്യപ്പെടുന്നതാണ് വനിതാ ഐപിഎൽ. ഫ്രാഞ്ചൈസി രീതിയിൽ വനിതാ ഐപിഎൽ അടുത്ത വർഷം ആദ്യം നടത്തുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി. മറ്റ് വിവരങ്ങൾ വൈകാതെ അറിയിക്കുമെന്നും ഗാംഗുലി പറഞ്ഞു.