ബുമ്രയുടെ റെക്കോർഡ് ബാറ്റിംഗ്, സെഞ്ച്വറിയുമായി പന്തും ജഡേജയും,ഇന്ത്യയ്ക്ക് 416 റൺസ്
ടി20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ യുവരാജ് സിങ് ഒരോവറില്‍ 36 റണ്‍സ് അടിച്ചത് കാണാത്തവർ അധികം ഉണ്ടാവില്ല.അന്നത്തെ അതേ അവസ്ഥയില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് വീണ്ടും എത്തി. അന്ന് തല്ല് കിട്ടിയത് കരിയറിന്റെ തുടക്കത്തിലാണെങ്കില്‍ ഇത്തവണ കരിയറിന്റെ അന്ത്യ ഘട്ടത്തിലാണ്. യുവരാജിന് പകരം ക്രീസില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്രയും!
ബാറ്റിങിലൂടെ ബുമ്ര ഒരു അപൂര്‍വ ലോക റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. ഒരു മോശം റെക്കോര്‍ഡ് ബ്രോഡും സ്വന്തം പേരില്‍ കുറിച്ചു. ടെസ്റ്റിലെ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ബുമ്ര കുറിച്ചത്. ബ്രോഡ് ആകട്ടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളറായി മാറി.
ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിലാണ് ബുമ്ര ബ്രോഡിനെ തലങ്ങും വിലങ്ങും പായിച്ചത്. ബുമ്രയുടെ കൂറ്റനടികളും എക്‌ട്രാ റണ്‍സും കൂടി ആയതോടെ ഈ ഓവറില്‍ ആകെ പിറന്നത് 35 റണ്‍സ്.
സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ 35 റണ്‍സ് സ്‌കോര്‍ബോര്‍ഡിലെത്തിച്ച ജസ്പ്രീത് ബുമ്രയാണ് ഇന്ത്യന്‍ സ്‌കോര്‍ 400 കടത്തിയത്. നാല് ഫോറും രണ്ട് സിക്‌സും ഒരു റണ്ണും സഹിതം 29 റണ്‍സാണ് ബ്രോഡിനെതിരെ ബുമ്ര നേടിയത്. ഇതൊടൊപ്പം ആറ് എക്‌സ്ട്ര റണ്‍സും ബ്രോഡ് വഴങ്ങിയതോടെയാണു സ്‌കോര്‍ ബോര്‍ഡില്‍ 35 റണ്‍സ് എത്തിയത്.
ഇന്നിങ്‌സിലെ 83ാം ഓവറിലായിരുന്നു ഈ ധാരാളിത്ത സ്‌പെല്‍. ആദ്യ പന്ത് ബുമ്ര ഫോറടിച്ചു. രണ്ടാം പന്ത് വൈഡും ഫോറും സഹിതം അഞ്ച് റണ്‍സ്. മൂന്നാം പന്ത് നോബോളായി. ആ പന്ത് ബുമ്ര സിക്‌സും തൂക്കിയതോടെ ഏഴ് റണ്‍സ്. അടുത്ത മൂന്ന് പന്തുകളില്‍ ഫോറുകള്‍ പിറന്നു. അഞ്ചാം പന്ത് സിക്‌സ്, ആറാം പന്തില്‍ ഒരു റണ്‍. മൊത്തം 35 റണ്‍സ്.
ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ത്തന്നെ, ഒരോവറില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും ബുമ്ര സ്വന്തമാക്കി. ഒരോവറില്‍ 28 റണ്‍സ് വീതം നേടിയ ബ്രയാന്‍ ലാറ, ജോര്‍ജ് ബെയ്‌ലി, കേശവ് മഹാരാജ് എന്നിവരെയാണു ബുമ്ര പിന്തള്ളിയത്.
ഇതോടെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ സ്‌കോര്‍ 400 കടന്നു.ഇംഗ്ലണ്ടിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ അവസാന മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 416 റണ്‍സിന് പുറത്ത്. സ്‌കോര്‍ 400 കടക്കുമോ എന്നു സംശയിച്ച ഘട്ടത്തില്‍ രണ്ട് സിക്‌സും നാല് ഫോറും സഹിതം 16 പന്തില്‍ 31 റണ്‍സെടുത്ത് ബുമ്ര ഇന്ത്യന്‍ സ്‌കോര്‍ 416ല്‍ എത്തിച്ചു. ക്യാപ്റ്റന്‍ പുറത്താകാതെ നിന്നു.
നേരത്തെ ഋഷഭ് പന്തിന് പിന്നാലെ സെഞ്ച്വറിയുമായി രവീന്ദ്ര ജഡേജയും നിര്‍ണായക ബാറ്റിങുമായി കളം നിറഞ്ഞു. 194 പന്തുകള്‍ നേരിട്ട് ജഡേജ 104 റണ്‍സ് കണ്ടെത്തി. ടെസ്റ്റ് കരിയറിലെ മൂന്നാം സെഞ്ച്വറിയാണ് താരം എഡ്ജ്ബാസ്റ്റണില്‍ കുറിച്ചത്. രണ്ടാം ദിനത്തില്‍ മുഹമ്മദ് ഷമിയെ കൂട്ടുപിടിച്ചായിരുന്നു ജഡേജ ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 13 ഫോറുകള്‍ സഹിതമാണ് ജഡേജയുടെ ശതകം. വിദേശ മണ്ണിലെ ജഡേജയുടെ ആദ്യ സെഞ്ച്വറി കൂടിയാണിത്.
ആദ്യ ദിനം 98 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ മിന്നല്‍ സെഞ്ച്വറിയുമായി ഋഷഭ് പന്ത് ട്രാക്കിലാക്കുകയായിരുന്നു. ജഡേജയെ കൂട്ടുപിടിച്ചായിരുന്നു ഒന്നാം ദിനത്തില്‍ പന്തിന്റെ രക്ഷാപ്രവര്‍ത്തനം. ഇരുവരും ചേര്‍ന്ന് ആദ്യ ദിനത്തില്‍ 222 റണ്‍സ് കൂട്ടുകെട്ടാണ് കണ്ടെത്തിയത്. 83 റണ്‍സായിരുന്നു ആദ്യ ദിനത്തില്‍ ജഡേജ എടുത്തത്.
അണ്‍ഓര്‍ത്തഡോക്‌സ് ഷോട്ടുകളുമായി കാണികളെ ത്രില്ലടിപ്പിച്ച ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ 89 പന്തിലാണ് സെഞ്ച്വറി തികച്ചത്. ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ടെസ്റ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് ഇത്. ടെസ്റ്റിലെ പന്തിന്റെ അഞ്ചാമത്തെ സെഞ്ച്വറി.
അവസാന രണ്ട് സെഷനുകളില്‍ റണ്‍റേറ്റ് അഞ്ചില്‍ താഴാതെയാണ് ഇന്ത്യ കളിച്ചത്. അവസാന സെഷനില്‍ 164 റണ്‍സ് ആണ് ഇന്ത്യ കണ്ടെത്തിയത്. 111 പന്തില്‍ നിന്ന് 19 ഫോറും നാല് സിക്‌സും പറത്തി പന്ത് 146 റണ്‍സോടെയാണ് പന്ത് പുറത്തായത്. 163 പന്തില്‍ നിന്ന് 83 റണ്‍സോടെ ക്രീസില്‍ നിന്ന് രവീന്ദ്ര ജഡേജ പന്തിന് പിന്തുണ നല്‍കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ ആന്‍ഡേഴ്‌സന്‍ മടക്കി. ഗില്‍ 17 റണ്‍സും പൂജാര 13 റണ്‍സും എടുത്ത് മടങ്ങി. ഹനുമ വിഹാരി 20 റണ്‍സ് എടുത്ത് മടങ്ങിയപ്പോള്‍ ഒരിക്കല്‍ കൂടി കോഹ്‌ലിയും നിരാശപ്പെടുത്തി. 15 റണ്‍സിന് ശ്രേയസും മടങ്ങിയതോടെ ഇന്ത്യ തകര്‍ച്ച മുന്നില്‍ കണ്ടിരുന്നു. ശാര്‍ദുല്‍ ഠാക്കൂര്‍ (ഒന്ന്), മുഹമ്മദ് ഷമി (16), മുഹമ്മദ് സിറാജ് (രണ്ട്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.
ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. മാത്യു പോട്‌സ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. സ്റ്റുവര്‍ട്ട് ബ്രോഡ്, ബെന്‍ സ്‌റ്റോക്‌സ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.