പന്തും രാഹുലും കസറി; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്‌കോർ
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്‌കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്തു. റിഷഭ് പന്തിന്റെയും നായകൻ കെ എൽ രാഹുലിന്റെയും അർധ സെഞ്ച്വറികളാണ് ഇന്ത്യക്ക് മികച്ച സ്‌കോർ നേടിക്കൊടുത്തത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു
ഒന്നാം വിക്കറ്റിൽ നല്ല തുടക്കം തന്നെ ഇന്ത്യക്ക് ലഭിച്ചിരുന്നു. സ്‌കോർ 63ൽ നിൽക്കെയാണ് 29 റൺസെടുത്ത ധവാൻ പുറത്താകുന്നത്. തൊട്ടുപിന്നാലെ കോലി പൂജ്യത്തിന് മടങ്ങിയതോടെ ഇന്ത്യ 2ന് 64 റൺസ് എന്ന നിലയിലായി. ഇവിടെ നിന്ന് ക്രീസിലൊന്നിച്ച പന്തും രാഹുലും ചേർന്ന് 115 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.
രാഹുൽ 79 പന്തിൽ 55 റൺസെടുത്ത് പുറത്തായി. മറുവശത്ത് പന്ത് ആക്രമണാത്മക ബാറ്റിംഗാണ് കാഴ്ച വെച്ചത്. 71 പന്തിൽ 10 ഫോറും രണ്ട് സിക്‌സും സഹിതം 85 റൺസാണ് പന്തിന്റെ സമ്പാദ്യം. സ്‌കോർ ഉയർത്താനുള്ള ശ്രമത്തിനിടെയാണ് തന്റെ ആദ്യ സെഞ്ച്വറിക്ക് പതിനഞ്ച് റൺസ് അകലെ പന്ത് വീണത്.
പന്തിന്റെ പുറത്താകലിന് ശേഷം സ്‌കോറിംഗിന്റെ വേഗത കുറഞ്ഞു. ശ്രേയസ്സ് അയ്യർ 11 റൺസിനും വെങ്കിടേഷ് അയ്യർ 22 റൺസിനും പുറത്തായി. അവസാന ഓവറുകളിൽ ഷാർദൂൽ താക്കുറും അശ്വിനും ചേർന്ന് ഇന്നിംഗ് പൂർത്തിയാക്കുകയായിരുന്നു. ഷാർദൂൽ താക്കൂർ 38 പന്തിൽ 40 റൺസുമായും അശ്വിൻ 25 റൺസുമായും പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഷംസി രണ്ട് വിക്കര്‌റുകൾ വീഴ്ത്തി. മഗാല, മർക്രാം, കേശവ് മഹാരാജ്, ഫെഹ്ലുക്വ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.