Monday, January 6, 2025
Kerala

മാധ്യമ പ്രവർത്തകയെ അധിക്ഷേപിച്ച സംഭവം; പി.സി ജോർജിനെതിരെ കേസെടുക്കണമെന്ന് കെ.യു.ഡബ്ല്യു.ജെ

മാധ്യമ പ്രവർത്തകയെ അധിക്ഷേപിച്ച സംഭവത്തിൽ പി.സി ജോർജിനെതിരെ കേസെടുക്കണമെന്ന് കെ.യു.ഡബ്ല്യു.ജെ. കൈരളി ടി വി സീനിയർ റിപ്പോർട്ടർ എസ് ഷീജയോട് പി സി ജോർജ് അപമാര്യാദയായി പെരുമാറിയ സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തൊഴിൽ രംഗത്തുള്ള മാധ്യമപ്രവർത്തകരെ അടച്ചാക്ഷേപിക്കുന്ന പി സി ജോർജിന്റെ നിലപാട് അങ്ങേയറ്റം അപലപനീയമാണെന്ന് കെ.യു.ഡബ്ല്യു.ജെ പറഞ്ഞു. 

ശനിയാഴ്ച ചോദ്യം ചെയ്യലിനായി പൊലീസ് വിളിച്ചുവരുത്തിയ പി സി ജോർജിനെ അറസ്റ്റ് ചെയ്യുന്നത് അറിഞ്ഞ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയാണ് സാമാന്യമര്യാദകളെല്ലാം ലംഘിക്കുന്ന പെരുമാറ്റം ഉണ്ടായത്. മാധ്യമങ്ങളോട് പ്രതികരിക്കവെ അറസ്റ്റിന് അടിസ്ഥാനമായ പരാതിക്കാരിയായ ഇരയുടെ പേര് പി.സി ജോർജ് ആവർത്തിച്ചു. ഇതിലെ ശരികേട് ചൂണ്ടിക്കാട്ടിയപ്പോഴാണ് മാധ്യമപ്രവർത്തകയോട് അപമര്യാദാപരമായ പെരുമാറ്റം പി.സി ജോർജിൽ നിന്ന് ഉണ്ടായത്.

പി.സി ജോർജിനെപ്പോലെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകനിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സമീപനമാണിത്. മുമ്പും പല തവണ ഇത്തരം പെരുമാറ്റങ്ങൾ പി സി ജോർജ് ആവർത്തിച്ചുണ്ട്. മാധ്യമപ്രവർത്തകരുടെ സ്വതന്ത്യമായ തൊഴിലവകാശം നിഷേധിക്കുന്ന നിലപാടുകൾക്കെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയർന്നു വരണം. ജോർജിനെതിരെ കേസ് എടുക്കണമെന്നും യൂണിയൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *