ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലും മിന്നു മണിയ്ക്ക് ഇടം
ഈ വർഷം സെപ്തംബറിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ക്രിക്കറ്റ് ടീമിൽ മലയാളി താരം മിന്നു മണിയ്ക്ക് ഇടം ലഭിച്ചു. ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയിൽ അരങ്ങേറിയ താരം ആകെ പരമ്പരയിൽ 5 വിക്കറ്റാണ് നേടിയത്. ഇന്ത്യ പരമ്പര നേടുന്നതിൽ നിർണായക പങ്കുവഹിച്ചതോടെയാണ് മിന്നു ടീമിൽ ഇടം നിലനിർത്തിയത്.
ഹർമൻപ്രീത് കൗറിൻ്റെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ ചൈനയിലേക്ക് പറക്കുക. ഇക്കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ തിളങ്ങിയ തീതസ് സാധു ആദ്യമായി സീനിയർ ടീമിൽ ഉൾപ്പെട്ടു. ഓൾറൗണ്ടർ പൂജ വസ്ട്രാക്കർ, കഴിഞ്ഞ വർഷത്തെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ട രേണുക സിംഗ്, സ്പിന്നർ രാധ യാദവ് തുടങ്ങി ശ്രദ്ധേയ താരങ്ങൾ പുറത്തായി. അതേസമയം, ബംഗ്ലാദേശിനെതിരെ പുറത്തിരുന്ന വിക്കറ്റ് കീപ്പർ റിച്ച ഘോഷ് കളിക്കും. പൂജയും വനിതാ പ്രീമിയർ ലീഗിൽ ശ്രദ്ധേയ പ്രകടനം നടത്തിയ ലെഗ് സ്പിന്നർ സായ്ക ഇഷാക്കും സ്റ്റാൻഡ് ബൈ താരങ്ങളിലുണ്ട്.
രണ്ടാം നിരയുമായാണ് പുരുഷ ടീം ഏഷ്യൻ ഗെയിംസിൽ കളിക്കുക. ഋതുരാജ് ഗെയ്ക്‌വാദ് ടീമിനെ നയിക്കും. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇല്ലാത്തതിനാൽ താരം ഏകദിന ലോകകപ്പിനുള്ള ടീമിൽ ഇടം പിടിച്ചേക്കുമെന്നാണ് പ്രതീക്ഷ. ജിതേഷ് ശർമ, പ്രഭ്സിമ്രാൻ സിംഗ്, തിലക് വർമ, റിങ്കു സിംഗ്, ശിവം ദുബെ തുടങ്ങിയ പുതുമുഖങ്ങൾക്കൊപ്പം യശസ്വി ജയ്സ്വാൾ, അർഷ്ദീപ് സിംഗ്, ഷഹബാസ് അഹ്‌മദ് തുടങ്ങിയവരും ടീമിലുണ്ട്.
സെപ്തംബർ 19 മുതൽ 28 വരെയാണ് വനിതാ ടീമിൻ്റെ മത്സരങ്ങൾ. പുരുഷ ടീം സെപ്തംബർ 28 മുതൽ ഒക്ടോബർ 8 വരെ കളിക്കും.