Tuesday, March 11, 2025
National

യുപിയിൽ നിർബന്ധിത മതപരിവർത്തനം; 400 ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കി, 9 പേർക്കെതിരെ കേസ്

ഉത്തർപ്രദേശിലെ മീററ്റിൽ നിർബന്ധിത മതപരിവർത്തനം നടന്നതായി ആരോപണം. ചേരിയിൽ താമസിക്കുന്ന നാനൂറോളം ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കാൻ ശ്രമിച്ചതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ലോക്ക്ഡൗൺ സമയം പട്ടിണിയിൽ കഴിഞ്ഞ കുടുംബങ്ങളെ പണവും ഭക്ഷണവും നൽകി മതംമാറാൻ സമ്മർദ്ദം ചെലുത്തിയെന്നാണ് ആരോപണം.

മീററ്റിലെ ഒരു ചേരിയിൽ, ലോക്ക്ഡൗണിനെ തുടർന്ന് പട്ടിണിയിലായ കുടുംബങ്ങളെ കേന്ദ്രികരിച്ചാണ് മതപരിവർത്തനത്തിന് ശ്രമം നടന്നത്. ഇതര സമുദായത്തിൽപ്പെട്ട ചിലർ ചേരിയിലെത്തി കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷണവും പണവും ഒരുക്കി. ചിലർക്ക് കച്ചവടം ആരംഭിക്കാൻ വായ്പയും നൽകി. ഇതിന് പിന്നാലെയാണ് യേശുക്രിസ്തുവിനെ ആരാധിക്കാൻ സമ്മർദം ചെലുത്തിയതെന്നാണ് ആരോപണം. തൊഴിലാളി കുടുംബത്തെ പള്ളിയിൽ കൊണ്ടുപോയി ക്രിസ്ത്യൻ മതം സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തി.

പ്രദേശത്ത് ഒരു പള്ളിയും താൽക്കാലികമായി നിർമിച്ചു. പ്രതികൾ പള്ളി സന്ദർശനം പ്രോത്സാഹിപ്പിക്കുകയും ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ നശിപ്പിക്കാൻ ചേരി നിവാസികളെ നിർബന്ധിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ദീപാവലി ദിനത്തിൽ ലക്ഷ്മി പൂജയ്ക്കിടെ ഇവർ വീടുകൾ ആക്രമിക്കുകയും ദേവീദേവന്മാരുടെ ചിത്രങ്ങൾ വലിച്ചുകീറുകയും ചെയ്തതായി തൊഴിലാളികൾ ആരോപിക്കുന്നു.

സംഭവം പുറത്തറിഞ്ഞതോടെ ബി.ജെ.പി നേതാവ് ദീപക് ശർമ ബസ്തിയിലെ ജനങ്ങളുമായി എസ്.എസ്.പി ഓഫീസിലെത്തി രേഖാമൂലം പരാതി നൽകി. മീററ്റിന് ചുറ്റുമുള്ള പ്രദേശങ്ങൾ മതപരിവർത്തന കേന്ദ്രമായി മാറുകയാണെന്ന് ദീപക് ശർമ്മ ആരോപിച്ചു. സംഭവത്തിൽ 3 സ്ത്രീകൾ ഉൾപ്പെടെ 9 പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *