ഒമിക്രോണ്‍ ഭീഷണി: കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു
കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു. പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ യോഗത്തില്‍ ചര്‍ച്ചയാകും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണാണ് യോഗം വിളിച്ചത്. ഓരോ സംസ്ഥാനവും എന്തൊക്കെ നടപടി സ്വീകരിച്ചു എന്നതടക്കം യോഗം വിശദമായി പരിശോധിക്കും.
സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ദക്ഷിണാഫ്രിക്കയില്‍ നിന്നും മുബൈയില്‍ എത്തിയ ആളുടെ പരിശോധനാഫലവും, ദക്ഷിണാഫ്രിക്കയില്‍ നിന്നും കര്‍ണാടകയില്‍ എത്തിയ ആളുടെ പരിശോധനാഫലവും ലഭിക്കാനുണ്ട്.
ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ 14 ദിവസം നിരീക്ഷണത്തില്‍ വയ്ക്കാനും 7ാം ദിവസം പരിശോധന നടത്താനും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്.