ഒമിക്രോണ്‍ വകഭേദം; അതിതീവ്ര വ്യാപനത്തിന് സാധ്യതയില്ല: ആശങ്ക വേണ്ടെന്ന് ഐ.സി.എം.ആര്‍
ന്യൂഡല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). രാജ്യത്ത് ഒമിക്രോണ്‍ വൈറസിന്റെ ആശങ്ക വാക്സിനേഷന്‍ നടപടിയെ ബാധിക്കരുതെന്നാണ് ഐ.സി.എം.ആര്‍ നല്‍കിയിരുന്ന നിര്‍ദേശം. അതിതീവ്ര വ്യാപനത്തിനുള്ള സാധ്യതകള്‍ ഇതുവരെയില്ലെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നു.
പരമാവധി പേരിലേക്ക് വാക്സിനേഷന്‍ എത്തിക്കുകയാണ് പ്രതിരോധമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, നിലവില്‍ ഉപയോഗിക്കുന്ന വാക്‌സിനുകളെ ഒമിക്രോണ്‍ മറികടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. പക്ഷേ വാക്‌സിനെടുത്തവര്‍ക്ക് വൈറസ് ബാധ ഗുരുതരമാകില്ലന്ന് തന്നെയാണ് ഐ.സി.എം.ആര്‍ കരുതുന്നത്. അതിനാല്‍ വാക്‌സിനേഷന്‍ വേഗത കൂട്ടണമെന്ന് ഐ.സി.എം.ആര്‍ നിര്‍ദ്ദേശിക്കുന്നു.
ഇതിനിടെ പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ നാളെ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. ഒമിക്രോണ്‍ ഭീഷണി ചര്‍ച്ച ചെയ്യാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും ക്ഷണിച്ചിട്ടുണ്ട്.
ഡിസംബര്‍ 15 ന് അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിലെ ആശങ്ക ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിക്കും. കൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ നീക്കാനുള്ള തീരുമാനം പുനപരിശോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
വിമാനത്താവളങ്ങളില്‍ ഉള്‍പ്പടെ പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. മുംബൈ വിമാനത്താവളത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റൈനും ഏര്‍പ്പെടുത്തിയിട്ടുണ്ട്.