‘മകൻ എത്ര മത്സരങ്ങൾ കളിച്ചു? എത്ര റൺസ് നേടി?’ അമിത് ഷായെ പരിഹസിച്ച് തമിഴ്നാട് കായിക മന്ത്രി
ഡിഎംകെയെ രാജവംശ പാർട്ടിയെന്ന് വിശേഷിപ്പിച്ച ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ. താൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചാണ് എംഎൽഎ ആയത്. എന്ത് അടിസ്ഥാനത്തിലാണ് അമിത് ഷായുടെ മകൻ ജയ് ഷാ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) സെക്രട്ടറിയായതെന്ന് ഉദയനിധി സ്റ്റാലിൻ ചോദിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ അമിത് ഷാ വെള്ളിയാഴ്ച രാമേശ്വരത്ത് എത്തിയിരുന്നു. ഈ പരിപാടിക്കിടെയാണ് ഷാ രാജവംശ രാഷ്ട്രീയത്തെക്കുറിച്ച് പരാമർശിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഡിഎംകെ സഖ്യകക്ഷികളും രാജവംശ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയാണെന്നും ഡിഎംകെയെ രാജവംശ പാർട്ടിയെന്നും അദ്ദേഹം ആരോപിച്ചു.
ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ രംഗത്തെത്തിയത്. ചെന്നൈയിൽ ഡിഎംകെ യുവജന വിഭാഗത്തിന്റെ പുതിയ ഭാരവാഹികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എന്നെ മുഖ്യമന്ത്രിയാക്കുകയാണ് ഞങ്ങളുടെ പാർട്ടി നേതാക്കൾ ലക്ഷ്യമിടുന്നതെന്ന് അമിത് ഷാ പറഞ്ഞു. പക്ഷേ അമിത് ഷായോട് എനിക്ക് ചോദിക്കാനുള്ളത് നിങ്ങളുടെ മകൻ എങ്ങനെയാണ് ബിസിസിഐ സെക്രട്ടറിയായത്? ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചാണ് എംഎൽഎ ആയത്. ജയ് ഷാ എത്ര ക്രിക്കറ്റ് മത്സരങ്ങൾ കളിച്ചു, എത്ര റൺസ് നേടി?’ – ഉദയനിധി സ്റ്റാലിൻ പറഞ്ഞു.