മിഷൻ സൗത്തുമായി ബിജെപി: നടൻ ജൂനിയര്‍ എൻടിആര്‍ ഇന്ന് അമിത് ഷായെ കാണും
ഹൈദരാബാദ്: രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വഴിതുറന്നു കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരം ജൂനിയര്‍ എൻടിആറുമായി ഇന്ന് രാത്രി കൂടിക്കാഴ്ച നടത്തും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ മുനുഗോഡിൽ പ്രചാരണം നടത്താനായി അമിത് ഷാ ഹൈദരാബാദിൽ എത്തിയിട്ടുണ്ട്. ബിജെപി മിഷൻ സൗത്ത് പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ കൂടിക്കാഴ്ച എന്നാണ് ബിജെപി നേതാക്കൾ വിശദീകരിക്കുന്നത്.
ഇവിടെ ഇന്ന് വൈകിട്ട് നടന്ന തെരഞ്ഞെടുപ്പ് റാലിയെ അമിത് ഷാ അഭിസംബോധന ചെയ്തു സംസാരിച്ചിരുന്നു. ഇതിനു പിന്നാലെ നടക്കുന്ന അത്താഴവിരുന്നിലേക്ക് തെലങ്കാനയിലെ പ്രമുഖ വ്യക്തിതത്വങ്ങളെ ബിജെപി ക്ഷണിച്ചിട്ടുണ്ട് ഈ കൂട്ടത്തിൽ ടോളിവുഡിലെ ജനപ്രിയ നടനായ ജൂനിയര്‍ എൻടിആറും ഉണ്ടെന്നാണ് സൂചന. അമിത് ഷായെ കാണാൻ ജൂനിയര്‍ എൻടിആര്‍ എത്തുമെന്ന് ബിജെപി തെലങ്കാന സംസ്ഥാന ജനറൽ സെക്രട്ടറി ഗുജ്ജുല പ്രേമേന്ദർ റെഡ്ഡി സ്ഥിരീകരിച്ചിട്ടുണ്ട്.
“കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ ക്ഷണപ്രകാരം പ്രശസ്ത ചലച്ചിത്ര നടൻ ശ്രീ നന്ദമുരി തരകര റാവു (ജൂനിയർ എൻടിആർ) അദ്ദേഹത്തെ കാണാനെത്തും. ഷംഷാബാദ് നൊവാടെൽ ഹോട്ടലിലാണ് ഈ കൂടിക്കാഴ്ച നടക്കുക,” തെലങ്കാന ബിജെപി പ്രസ്താവനയിലൂടെ അറിയിച്ചു.