പകൽ നടന്ന കുറ്റകൃത്യം തടയാൻ പൊലീസിന് സാധിച്ചില്ല, ഈ വീഴ്ചയ്ക്ക് ഉത്തരവാദി ആര് ?; വി.മുരളീധരൻ
ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകം അത്യന്തം ഹീനമായ കുറ്റകൃത്യമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. മനസാക്ഷിയെ വിറങ്ങലിക്കുന്ന ക്രൂര കൃത്യമാണ് നടന്നത്. മലയാളികൾ ലജ്ജിച്ച് തല താഴ്ത്തണം. ഫെയ്സ് ബുക്കിലൂടെ മാപ്പ് അപേക്ഷിക്കലല്ല കേരള പൊലീസിൻ്റെ പണി.അതിനല്ല നികുതി പണം നൽകി പൊലീസിനെ ഇരുത്തിയിരിക്കുന്നത്. പ്രതിയെ പിടിച്ചെന്ന് വീരവാദം പറയുന്നത് നാണമുണ്ടെങ്കിൽ നിർത്തണം. പകൽ നടന്ന കുറ്റകൃത്യം തടയാൻ എന്തുകൊണ്ട് പൊലീസിന് സാധിച്ചില്ല.
ഒരു രാത്രി മുഴുവൻ പ്രതിക്ക് പോലീസിനെ വഴിതെറ്റിക്കാൻ സാധിച്ചു.ഈ വീഴ്ചയ്ക്ക് ഉത്തരവാദി ആരാണെന്ന് കണ്ടെത്തണം.വീഴ്ച്ചയ്ക്ക് ഉത്തരവാദികളായവർ സ്ഥാനങ്ങളിൽ തുടരുതെന്ന് അദ്ദേഹം പറഞ്ഞു.
അതിഥി തൊഴിലാളികൾ എവിടെ നിന്ന് വരുന്നു എന്ന് ഒരു വിവരവും സർക്കാരിൻ്റെ കൈയ്യിൽ ഇല്ല. തൊഴിലാളി ക്യാമ്പുകളിൽ പരിശോധനയില്ല.അവരെ സംബന്ധിച്ച് വ്യക്തമായ വിവരമില്ല.സർക്കാർ നിയമ നിർമാണം നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞത്, ചോദ്യം വന്നപ്പോൾ മന്ത്രിയുടെ മനസിൽ വന്ന ആശയം മാത്രം.അങ്ങനെയല്ല നിയമനിർമാണം നടത്തേണ്ടത്.അതിന് ഒരുപാട് സാഹചര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. നിയമ നിർമ്മാണം നടക്കേണ്ടത് വസ്തുതകളും സാഹചര്യവും പരിശോധിച്ച ശേഷമാണെന്ന് വി മുരളീധരൻ പ്രതികരിച്ചു.
അതേസമയം ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസഫാക്ക് ആലം റിമാൻഡിൽ. പ്രതിയെ ആലുവ സബ് ജയിലിലേക്ക് ഇന്നുതന്നെ മാറ്റും. പ്രതിക്കെതിരെ കൊലപാതകം, പോക്സോ, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നിവയടക്കം 9 വകുപ്പുകളാണ് എഫ് ഐ ആറിൽ ചുമത്തിയിട്ടുള്ളത്.
ആലുവ കീഴ്മാട് ശ്‌മശാനത്തിലാണ് കുഞ്ഞിൻ്റെ മൃതദേഹം സംസ്കരിച്ചത്. തായിക്കാട്ടുകര എൽപി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരിയായിരുന്ന കുട്ടിയെ അതേ ക്ലാസിൽ തന്നെ പൊതുദർശനത്തിനു വച്ചിരുന്നു. ആയിരങ്ങളാണ് കുഞ്ഞിന് ആദരാഞ്ജലി അർപ്പിച്ചത്
കൊലപാതകത്തിലെ തുടരന്വേഷണത്തിനായി അന്വേഷണ സംഘം ബിഹാറിലേക്ക് പോവുകയാണ്. പ്രതി അസഫാക്ക് ആലത്തിൻ്റെ പശ്ചാത്തലം അറിയുന്നതിനായാണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം. സംഘത്തിലെ മൂന്നുപേരാവും പോവുക. പ്രതിക്കെതിരെ കൊലപാതകം, പോക്സോ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ആകെ 9 വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. എഫ്ഐആർ പകർപ്പും വിശദാംശങ്ങളും 24ന് ലഭിച്ചു.