‘കോൺഗ്രസ് എന്നെ 91 തവണ അസഭ്യം വിളിച്ചു’ : നരേന്ദ്ര മോദി
കോൺഗ്രസ് 91 തവണ തനിക്ക് നേരെ അസഭ്യ വാക്കുകൾ പ്രയോഗിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സവർക്കറേയും അംബേദ്കറെ പോലും കോൺഗ്രസ് അധിക്ഷേപിച്ചുവെന്നും മോദി കർണാടകയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഈ അസഭ്യങ്ങളോട് ജനങ്ങൾ വോട്ടിന്റെ ഭാഷയിൽ മറുപടി നൽകുമെന്നും സംസ്ഥാനത്ത് താമര വിരിയുമെന്നും മോദി പറഞ്ഞു.
ബെഗളൂരു നോർത്ത് മണ്ഡലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. ‘ഇപ്പോൾ ഈ തെരഞ്ഞെടുപ്പിലും കോൺഗ്രസ് എന്നെ അസഭ്യ വാക്കുകൾ വിളിക്കാൻ തുടങ്ങിയിട്ടുണ്ട്. ആരോ ഈ വാക്കുകളുടെ ഒരു പട്ടിക തയാറാക്കിയിട്ടുണ്ട്. എന്നിട്ടത് എനിക്ക് തന്നു. ഇതുവരെ എന്നെ 91 തവണ വിവിധ അസഭ്യവാക്കുകൾ വിളിച്ചുകഴിഞ്ഞു. എന്നെ അധിക്ഷേപിക്കാൻ വേണ്ടി കോൺഗ്രസ് ഈ അസഭ്യവാക്കുകളുടെ ഡിക്ഷണറിയിൽ മുങ്ങിത്തപ്പുന്ന നേരത്ത് നല്ല ഭരണത്തിലും കോൺഗ്രസ് പ്രവർത്തകരുടെ ഉത്സാഹം വർധിപ്പിക്കാനും ഉപയോഗിച്ചിരുന്നെങ്കിൽ ഇന്ന് കോൺഗ്രസിന് ഈ ദുർഗതി വരില്ലായിരുന്നു’- നരേന്ദ്ര മോദി പറഞ്ഞു.
ഇതാദ്യമായല്ല കോൺഗ്രസ് തന്നെ ആക്രമിക്കുന്നതെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ‘കാവൽക്കാരൻ കള്ളനാണ്’ എന്ന ക്യാമ്പെയിൻ കോൺഗ്രസ് നടത്തിയിരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി. ‘ആദ്യം എന്നെ കള്ളനെന്ന് വിളിച്ചു, പിന്നെ ഒബിസി വിഭാഗം കള്ളന്മാരാണെന്ന് പറഞ്ഞു, ഇപ്പോൾ കർണാടകയിൽ എന്റെ ലിംഗായത് സഹോദരീ-സഹോദരന്മാരെ കള്ളനെന്ന് വിളിച്ചു’ മോദി പറഞ്ഞു.
കോൺഗ്രസ് തന്നെ അധിക്ഷേപിച്ചോട്ടെയെന്നും താൻ രാജ്യത്തിന് വേണ്ടി പ്രവർത്തികുക തന്നെ ചെയ്യുമെന്നും മോദി പറഞ്ഞു.