ഒരേ താളം, ഒരേ വികാരം; പൂരലഹരിയിൽ തൃശൂർ, ആവേശത്തോടെ പൂരപ്രേമികള്‍
: വടക്കുന്നാഥന്റെ മണ്ണിൽ ആർത്തുവിളിച്ച് ജനം തമ്പടിച്ചതോടെ അക്ഷരാർത്ഥത്തിൽ തൃശൂർ പൂരലഹരിയിലായി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കൂടി പൂരനഗരിയിലേക്ക് പ്രവേശിച്ചതോടെ പൂരത്തിന് ആവേശംകൂടി. നിമിഷങ്ങൾക്കുള്ളിൽ മഠത്തിൽവരവ് പഞ്ചവാദ്യം കൊട്ടിക്കയറും. പൂരമാസ്വദിക്കാൻ തൃശൂരുകാർ മാത്രമല്ല, ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള പൂരപ്രേമികളാണ് തൃശൂരിലെത്തിയിരിക്കുന്നത്. വ്യത്യസ്ഥ അതിരുകൾ ഭേദിച്ച് എത്തിയവർക്കെല്ലാം ഒരേ വികാരം, ഒരേ താളം-അത് തൃശൂർ പൂരത്തിന്റേതാണ്.
തുടർന്ന് ഉച്ചയ്ക്ക് 12.15 ന് പാറമേക്കാവിന്റെ എഴുന്നെള്ളത്ത് അരങ്ങേറും. രണ്ടു മണിക്ക് ഇലഞ്ഞിത്തറമേളവും നടക്കും. വൈകിട്ട് അഞ്ചു മണിയോടെ തെക്കോട്ടിറക്കം ആരംഭിക്കും. തുടർന്ന് ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് കുടമാറും. നാളെ ഉച്ചയോടെ പൂരം സമാപിക്കും. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവായതോടെ റെക്കോഡ് ജനക്കൂട്ടമാണെത്തുന്നത്. നഗരത്തില്‍ സുരക്ഷയ്ക്ക് 4100 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.