Saturday, October 19, 2024
National

‘ബി.ജെ.പിയെപ്പറ്റി യുവാക്കളിൽ അവബോധമുണ്ടാക്കണം, ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം’; നിർദേശവുമായി നരേന്ദ്ര മോദി

ലോകസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ യുവ നേതാക്കൾക്ക് പ്രത്യേക ഊന്നൽ നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി ദേശിയ നിർവാഹക സമിതിയിൽ നേതാക്കൾക്കും അണികൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി. ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നേതാക്കൾക്ക് നിർദേശം നൽകി.

18-നും 25-നുമിടയിൽ പ്രായമുള്ള യുവാക്കളിൽ ബി.ജെ.പി.യെപ്പറ്റി അവബോധമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും മോദി നിർദേശിച്ചു. മുൻ സർക്കാരുകളുടെ കാലത്തുണ്ടായിരുന്ന അഴിമതികളെക്കുറിച്ചോ തെറ്റായ പ്രവർത്തനങ്ങളെക്കുറിച്ചോ അവർ ബോധവാന്മാരല്ല. അതുകൊണ്ട് ബി.ജെ.പി.യെക്കുറിച്ചുള്ള അവബോധം അവരിൽ സൃഷ്ടിക്കണമെന്നും മോദി പറഞ്ഞു. പ്രചാരണത്തിന് മോദി വന്നാൽ ബി.ജെപി ജയിക്കുമെന്ന വിധത്തിലുള്ള അമിത ആത്മവിശ്വാസം പാടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രണ്ട് ദിവസമായി ഡൽഹിയിൽ ചേർന്ന ദേശിയ നിർവാഹകസമതിയിൽ കേന്ദ്ര മന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള 350 മുതിർന്ന നേതാക്കളോടായിരുന്നു മോദിയുടെ നിർദേശങ്ങൾ.

തെരഞ്ഞെടുപ്പ് പരിഗണനകളില്ലാതെ സമൂഹത്തിന്റെ എല്ലാ തുറകളിലും എത്തിച്ചേരണമെന്ന് നേതാക്കളോട് മോദി ആവശ്യപ്പെട്ടു. ബൊഹ്‌റ, പസ്മന്ത, സിഖ് തുടങ്ങിയ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ തുറകളിലേക്കും നേതാക്കൾ എത്തിച്ചേരണമെന്നും യോഗത്തിൽ നിർദേശം നൽകി.

Leave a Reply

Your email address will not be published.