Monday, March 10, 2025
National

ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ സങ്കീര്‍ണ്ണം, ഇനിയും സമയം വേണം; അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിനിടെ സെബി

അദാനി ഗ്രൂപ്പിനെതിരായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം നീട്ടി ചോദിച്ച് ഓഹരി വിപണി നിയന്ത്രണ ഏജന്‍സി സെബി. അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ സങ്കീര്‍ണമാണെന്നും അത് പരിശോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും വിശദീകരിച്ചാണ് സെബി സമയം നീട്ടി ചോദിച്ചിരിക്കുന്നത്. ഉപ ഇടപാടുകള്‍ ഉള്‍പ്പെടെ അന്വേഷിച്ച് കണ്ടെത്തുന്നതിന് സമയമെടുക്കുമെന്നും കമ്പനി തലപ്പത്തുള്ളവരുടെ ഉള്‍പ്പെടെ മൊഴി എടുക്കേണ്ടിവരുമെന്നും സെബി വ്യക്തമാക്കി.

അദാനി ഗ്രൂപ്പിന്റെ സ്ഥാപകന്‍ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുമായി ബന്ധമുള്ള മൂന്ന് ഓഫ്‌ഷോര്‍ കമ്പനികളുമായുള്ള ഇടപാടുകളില്‍ റിലേറ്റഡ് പാര്‍ട്ടി ഇടപാട് ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോ എന്നാണ് സെബി അന്വേഷിക്കുന്നത്. കഴിഞ്ഞ 13 വര്‍ഷങ്ങളായി ഗൗതം അദാനിയുടെ പോര്‍ട്ട്ടുപവര്‍ കമ്പനിയുടെ ലിസ്റ്റ് ചെയ്യാത്ത യൂണിറ്റുകളുമായി ഈ മൂന്ന് കമ്പനികളും നിരവധി നിക്ഷേപ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. വിനോദ് അദാനി ഈ മൂന്ന് കമ്പനികളുടെയും, ഉടമയോ , ഡയറക്ടറോ ആണെന്ന് സെബിക്ക് വിവരം ലഭിച്ചതയാണ് റിപ്പോര്‍ട്ട്.

ചട്ടം അനുസരിച്ചു ലിസ്റ്റ് ചെയ്ത കമ്പനികളുടെ നേരിട്ടുള്ള ബന്ധുക്കള്‍, പ്രൊമോട്ടര്‍ ഗ്രൂപ്പുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ റിലേറ്റഡ് പാര്‍ട്ടിയായി കണക്കാക്കുന്നു. അത്തരം ഇടപാടുകള്‍ റെഗുലേറ്ററി, പബ്ലിക് ഫയലിംഗുകളില്‍ വെളിപ്പെടുത്തണം എന്നാണ് ചട്ടം. എന്നാല്‍ പോര്‍ട്ട്ടുപവര്‍ കമ്പനിയും ഓഫ് ഷോര്‍ കമ്പനികളുമായുള്ള ഇടപ്പടുകളില്‍ ചട്ടം ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നാണ് സെബി പരിശോധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *