അദാനി ഷെയറുകളിൽ കൃത്രിമത്വം നടത്തിയോ എന്ന് സെബി പരിശോധിക്കണം; സുപ്രിം കോടതി
അദാനി കേസിൽ സെബി അന്വേഷണത്തിന് നിർദേശിച്ച് സുപ്രിം കോടതി. അദാനി ഷെയറുകളിൽ ക്രിത്രിമത്വം നടത്തിയോ എന്ന് സെബി പരിശോധിയ്ക്കണം. രണ്ട് മാസത്തിനകം റിപ്പോർട്ട് നല്കണം. നിക്ഷേപകരുടെ താത്പര്യങ്ങൾ സമ്രക്ഷിക്കാനുള്ള നിർദേശം പരിഗണിക്കാൻ സുപ്രിം കോടതി സമിതിയെ നിയോഗിച്ചു. ഒ.പി ഭട്ട്, ജസ്റ്റിസ് ദിയോത്ക്കർ , നന്ദൻ നിലേകനി, കെ.വി കാമത്ത് തുടങ്ങിയവരാണ് സമിതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. നിക്ഷേപകർ കബളിപ്പിന് ഇരയാകരുതെന്ന് സുപ്രിം കോടതി നിർദേശിച്ചു.
അദാനി ഗ്രൂപ്പിന് നൽകിയ വായ്പകളെ കുറിച്ച് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ വിവരം തേടിയിരുന്നു. ക്രെഡിറ്റ് റേറ്റിങ് ഏജൻസികളോട് സെബി വിവരം തേടിയത്. നിലവിലുള്ള റേറ്റിങ്, കമ്പനികളുടെ ഭാവിയിലുള്ള ക്രെഡിറ്റ് റേറ്റിങ്, മറ്റ് വിവരങ്ങൾ എന്നിവയാണ് സെബി തേടിയത്.
അദാനി കമ്പനികളുടെ ഓഹരി വിലയിൽ വലിയ ഇടിവുണ്ടായതോടെയാണ് സെബി കർശന നടപടികളുമായി രംഗത്തെത്തിയത്. അദാനി ഗ്രൂപ്പിന്റെ വായ്പ തിരിച്ചടവ് ശേഷി, നിലവിലെ ബാധ്യതകൾ, ഏത് സ്ഥാപനങ്ങളിൽ നിന്നാണ് വായ്പ എടുത്തിരിക്കുന്നത് തുടങ്ങിയ വിവരങ്ങൾ മനസിലാക്കുകയാണ് സെബിയുടെ ലക്ഷ്യം. ഓഹരി വില ഇടിഞ്ഞത് അദാനി കമ്പനികളുടെ വായ്പകളെ ഏത് രീതിയിൽ ബാധിക്കുമെന്നതും സെബി പരിശോധിക്കുന്നുണ്ട്.
10ഓളം വരുന്ന അദാനി ലിസ്റ്റഡ് കമ്പനികൾക്ക് കനത്ത നഷ്ടമാണ് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയുണ്ടായത്. കമ്പനികളുടെ ഓഹരി വില 21.7 ശതമാനം മുതൽ 77.47 ശതമാനം വരെ ഇടിഞ്ഞു. അദാനി ടോട്ടൽ ഗ്യാസിനാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. നഷ്ടക്കണക്കിൽ അദാനി ട്രാൻസ്മിഷനാണ് രണ്ടാം സ്ഥാനത്ത്. ഓഹരി വിലയിൽ പെട്ടെന്ന് വലിയ ഇടിവുണ്ടാവുമ്പോൾ റേറ്റിങ് ഏജൻസികൾ കമ്പനികളുടെ റേറ്റിങ് കുറക്കാറുണ്ട്. റേറ്റിങ് ഏജൻസികളായ എസ്&പി, മൂഡീസ് എന്നിവ അദാനി കമ്പനികളുടെ റേറ്റിങ് സ്റ്റേബിൾ എന്നതിൽ നിന്ന് നെഗറ്റീവിലേക്ക് മാറ്റിയിരുന്നു.