‘മഞ്ഞിൽ നിൽക്കുമ്പോഴും തണുപ്പില്ല’; ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ് കരുത്ത്; രാഹുൽ ഗാന്ധി
ഭാരത് ജോഡോ യാത്രയിൽ നിന്നും പുതിയ പാഠങ്ങൾ പഠിച്ചു. വികാരാധിനനായി സമാപന വേദിയിൽ രാഹുൽ ഗാന്ധി. ജനങ്ങളുടെ ഊഷ്മളമായ പിന്തുണയാണ് ലഭിച്ചത്. മഞ്ഞിൽ നിൽക്കുമ്പോഴും തണുപ്പില്ല. ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ് കരുത്ത് നൽകിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങൾ ഇല്ലാതാക്കാനാണ് തന്റെ യാത്ര. ഇന്ത്യ മുഴുവൻ പദയാത്ര നടത്തുന്നത് പ്രശ്‌നമായി തോന്നിയിട്ടില്ല. ഒട്ടേറെ മനുഷ്യരുടെ അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. എത്രയോ സ്ത്രീകൾ കരഞ്ഞുകൊണ്ട് അവരുടെ ജീവിതം വിവരിച്ചത്. ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്ത് ഐക്യം വീണ്ടെടുക്കാൻ സാധിക്കും.
എന്നാൽ ബിജെപിയുടെ ഒരു നേതാവും കശ്മീരിൽ കാൽനടയായി യാത്ര ചെയ്‌തിട്ടില്ല. വാഹനത്തിൽ പോകണമെന്ന് നിർദേശിച്ചു. അവർക്ക് ഭയമാണ്. തനിക്കും സുരക്ഷാ പ്രശ്‌നം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ജീവിക്കുകയെങ്കിൽ പേടി കൂടാതെ ജീവിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
11 പ്രതിപക്ഷ പാർട്ടി നേതാക്കൾ സമാപന ചടങ്ങിൽ പങ്കെടുത്തു. കാലാവസ്ഥ ഉയർത്തിയ വെല്ലുവിളിയെ മറികടന്ന് ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറിൽ തുടരുന്നു. രാജ്യം മുഴുവൻ ഭാരത് ജോഡോ യാത്രയുടെ പ്രകാശം വ്യാപിക്കും.പ്രതീക്ഷയുടെ കിരണമാണ് ഭാരത് ജോഡോ യാത്രയെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. രാജ്യത്ത് ഇപ്പോഴുള്ളത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. അത് ഇന്ത്യക്ക് ഗുണം ചെയ്യില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന് മൗനം ആചരിച്ചാണ് സമാപന ചടങ്ങ് തുടങ്ങിയത്. തുടർന്ന് സംസാരിച്ച കെസി വേണുഗോപാൽ, രാഹുൽ ഗാന്ധി ചരിത്രം സൃഷ്ടിച്ചുവെന്ന് പറഞ്ഞു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധിയെ ഷോൾ അണിയിച്ച് ആദരിച്ചു.
136 ദിവസം പിന്നിട്ട് 4080 കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുലിൻറെ ഭാരത് ജോഡോ യാത്ര അവസാനിക്കുന്നത്. നിരവധി രാഷ്ട്രീയ മൂഹൂർത്തങ്ങൾക്കൊപ്പം തന്നെ വിവാദവും നിറഞ്ഞതായിരുന്നു യാത്ര. 2022 സെപ്റ്റംബർ 7 ന് ആണ് രാഹുൽ ഗാന്ധി ഭാരത് ജോഡ യാത്ര കന്യാകുമാരിയിൽ തുടങ്ങുന്നത്. നാല് ദിവസത്തെ തമിഴ്നാട് പര്യടത്തിന് ശേഷം സെപ്റ്റംബർ പത്തിനാണ് കേരളത്തിലേക്ക് പ്രവേശിച്ചത്.