എംഎൽഎമാരുടെ വികാരം മാനിക്കുന്നു; അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് അശോക് ഗെഹ്ലോട്ട്
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ല എന്ന് അശോക് ഗെഹ്ലോട്ട്. എംഎൽഎമാരുടെ മനസ്സ് മാറ്റാൻ തനിക്ക് സാധിച്ചില്ല. താൻ തന്നെ ആ മുഖ്യമന്ത്രിയായി തുടരണം എന്നും സച്ചിൻ പൈലറ്റ് വേണ്ട എന്നുമാണ് എംഎൽഎമാരുടെ പൊതുവികാരം. അതുകൊണ്ട് തന്നെ താൻ രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരും എന്ന് അദ്ദേഹം വ്യക്തമാക്കി. ദിഗ് വിജയ് സിങ്ങും ശശി തരൂരുമാകും ഇനി മത്സരരംഗത്ത് ഉണ്ടാവുക.
നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഈ ഒരു തീരുമാനം സ്വീകരിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയുടെ വസതിയിൽ ഏകദേശം ഒരു മണിക്കൂർ നേരം ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിരുന്നു. കെസി വേണുഗോപാൽ അടക്കം പങ്കെടുത്ത ചർച്ചയിലാണ് നിർണായക തീരുമാനം സ്വീകരിച്ചിരിക്കുന്നത്.
കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാൻ താൻ ഒരു ഘട്ടത്തിലും വിസമ്മതിച്ചിട്ടില്ലെന്ന് അശോക് ഗെലോട്ട് ഇന്നലെ വ്യക്തമാക്കിയിരുന്നു. മുപ്പതാം തീയതി വരെയാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാനാവുക. ഇതുവരെ ശശി തരൂരും പവൻകുമാർ ബെൻസലും മാത്രമാണ് നാമനിർദ്ദേശപത്രികകൾ തെരഞ്ഞെടുപ്പ് സമിതി ഓഫീസിൽ നിന്ന് വാങ്ങിയിട്ടുള്ളത്.
താൻ കോൺഗ്രസ് അധ്യക്ഷനാകുമെന്ന് പറയുന്നത് വിഡ്ഡിത്തമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞിരുന്നു. പരിഹരിക്കാൻ സാധിക്കാത്ത പ്രശ്നങ്ങൾ കോൺഗ്രസിലില്ല. വർഷങ്ങൾക്ക് മുൻപ് സജീവ രാഷ്ട്രീയം നിർത്തിയതാണ്. ഡൽഹിയിലേക്ക് പോകുന്നത് പല ആവശ്യങ്ങൾക്കായിയാണെന്നും എ കെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. ഊഹാപോഹങ്ങൾക്ക് മറുപടിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് എത്തുമോ എന്നതിന് ഇപ്പോൾ മറുപടിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും തർക്കങ്ങളും നിലനിൽക്കെയാണ് കോൺഗ്രസ് ഹൈക്കമാൻഡിൻറെ നിർണായക നീക്കം. ചർച്ചകൾക്കായി മുതിർന്ന നേതാവ് എകെ ആന്റണിയെ ഡൽഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.