കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ഡൽഹിയിൽ ഇന്ന് നിർണായക ചർച്ചകൾ
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഇന്ന് നിർണായക ചർച്ചകൾ. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ആഭ്യന്തര പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ കഴിയുമെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു. രാജസ്ഥാനിലെ വിഷയങ്ങളിൽ തീരുമാനം എടുക്കാനുള്ള അധികാരം ഹൈക്കമാൻഡിന് നൽകിയാൽ ഒരു പക്ഷെ വീണ്ടും ഗെഹ്ലോട്ടിനെ പരിഗണിക്കാം.
ഔദ്യോഗിക സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന മുതിർന്ന നേതാവ് ദിഗ് വിജയ് സിങ് സോണിയ ഗാന്ധിയെ കാണും. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായ ദിഗ് വിജയ് സിങ് ഔദ്യോഗിക സ്ഥാനാർത്ഥിയാകും എന്നാണ് വിവരം. കേരളത്തിൽ നിന്ന് ഡൽഹിയിലെത്തിയ ദിഗ് വിജയ് സിങ് സോണിയ ഗാന്ധിയെ നേരിൽ കാണും.
നാളെയാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. ചർച്ചകൾക്കായി എ.കെ ആൻറണിയും ഡൽഹിയിൽ തുടരുകയാണ്. മത്സരിക്കാൻ ഒരുങ്ങുന്ന ശശി തരൂരും പ്രതീക്ഷയിലാണ്. പല കോണിൽ നിന്നും പിന്തുണ ലഭിക്കുന്നു എന്നാണ് തരൂർ വ്യക്തമാക്കുന്നത്. സ്ഥാനാർഥികൾ എല്ലാം നാളെയാകും നാമനിർദേശ പത്രിക നൽകുക.