കശ്മീരിനെ കുറിച്ചുള്ള വിവാദ പരാമർശം: കെ ടി ജലീലിനെതിരെ എബിവിപി പരാതി നൽകി
കശ്മീരിനെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ കെ ടി ജലീലിനെതിരെ തിരുവനന്തപുരത്തും പരാതി. എബിവിപിയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ജലീലിനെതിരെ ഡൽഹിയിലും തിരുവനന്തപുരത്തുമായി രണ്ട് പരാതികളാണ് നിലവിലുള്ളത്. എബിവിപി സംസ്ഥാന സെക്രട്ടറി ശ്രീഹരിയാണ് പരാതി നൽകിയത്. നിയമ നടപടയിലേക്ക് പൊലീസ് കടന്നതിനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. നിലവിൽ നിയമോപദേശം തേടിയെന്നാണ് ലഭിക്കുന്ന വിവരം.
കശ്മീർ പോസ്റ്റ് വിവാദങ്ങൾക്കിടെ കെ ടി ജലീൽ ഡൽഹിയിൽ നിന്ന് മടങ്ങിയെത്തി. ഡൽഹിയിലെ പരിപാടികൾ റദ്ദാക്കിയാണ് ജലീൽ കേരളത്തിലെത്തിയത്. വീട്ടിൽ നിന്നും വന്ന സന്ദേശത്തെ തുടർന്നാണ് കെ ടി ജലീൽ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതെന്ന് മുൻ മന്ത്രി എ സി മൊയ്ദീൻ പറഞ്ഞു. കാശ്മീർ വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രാധാന്യം നൽകുന്നതാണ് പാർട്ടി നിലപാടെന്നും എസി മൊയ്തീൻ പറഞ്ഞു.
അതേ സമയം കശ്മീരിനെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളിൽ കെ.ടി ജലീൽ പ്രതികരിച്ചില്ല. കശ്മീരിനെ കുറിച്ചുളള വിവാദ ഫേസ്ബുക്ക് പോസ്റ്റ് കെ ടി ജലീൽ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. സിപിഐഎം അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പോസ്റ്റ് പിന്‍വലിച്ചത്. താനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത വാചകങ്ങള്‍ പിന്‍വലിക്കുന്നതായി ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.