ആസാദ് കശ്മീർ’ പരാമർശം; ‘രാജ്യദ്രോഹ കേസെടുക്കണം’, ജലീലിനെതിരായ ഹര്‍ജി നാളെ ദില്ലി കോടതിയില്‍
ദില്ലി: കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി നാളെ ദില്ലി കോടതിയില്‍. ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേരളത്തിലെ നിയമനടപടികളില്‍ വിശ്വാസമില്ലെന്നും ഹര്‍ജിയില്‍ ഹര്‍ജിക്കാരന്‍ വിശദീകരിച്ചിട്ടുണ്ട്. അഭിഭാഷകന്‍ ജി എസ് മണിയാണ് ഹര്‍ജി നല്‍കിയത്. ഇന്ത്യ അധീന കാശ്മീർ, ആസാദ് കാശ്മീർ തുടങ്ങിയ പരാമർശങ്ങളോട് കൂടിയ ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ കെ ടി ജലീലിനെതിരെ പത്തനംതിട്ട കീഴ്വായ്പ്പൂർ പൊലീസ് കേസെടുത്തിരുന്നു.
കീഴ്വായ്പൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് കേസിൽ കെ ടി ജലീലിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കൽ, പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് എന്നിവയാണ് വകുപ്പുകൾ. തീവ്രനിലപാടുള്ള ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പർദ വളർത്താൻ ശ്രമിച്ചെന്നുമാണ് എഫ്ഐആർ.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീൽ ഭരണഘടനയെ അപമാനിക്കാൻ ശ്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു. ആർഎസ്എസ് ജില്ലാ പ്രചാരക് പ്രമുഖ് അരുൺ മോഹനാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല ജുഡീഷ്യൽ മഡജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും ജലീലിന്‍റെ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള തുടർ നടപടികളിലേക്ക് പൊലീസ് കടക്കുക. അതേസമയം ജലിലിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് എ ബി വി പി നൽകിയ പരാതിയിൽ കേസെടുക്കേണ്ടന്നാണ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രൊസിക്യൂഷൻ നൽകിയ നിയമോപദേശം