പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഗൂഢാലോചന നടത്തി’; തീസ്ത സെതല്‍വാദിന്റെ ജാമ്യ ഹര്‍ജിയില്‍ എതിര്‍പ്പുമായി ഗുജറാത്ത് സര്‍ക്കാര്‍
തീസ്ത സെതല്‍വാദിന്റെ ജാമ്യ ഹര്‍ജിയില്‍ എതിര്‍പ്പുമായി ഗുജറാത്ത് സര്‍ക്കാര്‍. തീസ്ത സെതല്‍വാദിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അറിയിച്ചു. തീസ്ത കലാപത്തിന് കാരണമായ വിധത്തില്‍ പ്രവര്‍ത്തിച്ചെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ വാദം. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ തീസ്ത സെതല്‍വാദ് ഗൂഢാലോചന നടത്തിയെന്നും ജാമ്യ ഹര്‍ജിക്കെതിരായി ഗുജറാത്ത് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പറഞ്ഞു.
തീസ്ത സെതല്‍വാദ് നടത്തിയ ഗൂഢാലോചനയുടെ വിവരങ്ങള്‍ എഫ്‌ഐആറില്‍ വ്യക്തമായി പറയുന്നുണ്ടെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. മനുഷ്യാവകാശ സംരക്ഷണം എന്നത് കേവലം അവകാശവാദം മാത്രമാണ്. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് തെളിവുകളില്‍ കൃത്രിമത്വം കാണിച്ചതിന് തീസ്തയ്‌ക്കെതിരെ വ്യക്തമായ തെളിവുകള്‍ അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ടെന്നും ഗുജറാത്ത് സര്‍ക്കാര്‍ പറഞ്ഞു.
ഗുജറാത്ത് കലാപവുമായ ബന്ധപ്പെട്ട വ്യാജരേഖ ചമച്ചെന്ന കേസിലാണ് തീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്തിരുന്നത്. വ്യാജ രേഖ ചമക്കല്‍ , ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ടീസ്റ്റയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഗുജറാത്ത് പൊലീസിന്റെ നടപടിക്കെതരെ വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നിരുന്നത്.