സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കി; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം നിര്‍ത്തിവച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചു.
സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്ന വേളയിലാണ് ഇക്കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചായിരുന്നു ഹര്‍ജികള്‍ പരിഗണിച്ചത്. പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും ആശയവിനിമയത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന മട്ടിലായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം.
സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ എടുത്ത കേസുകളെക്കുറിച്ചും ഹൈക്കോടതിയില്‍ ചോദ്യമുയര്‍ന്നു. സമരക്കാര്‍ സാധാരണക്കാരായ ജനങ്ങള്‍ ആണെന്നിരിക്കെ അവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തത് എന്തിനാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. സര്‍ക്കാര്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കണം. കേസുകള്‍ സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.