Monday, April 14, 2025
National

‘മനുഷ്യത്വം ഉള്ള ആളാണ് നരേന്ദ്രമോദി’; മോദിയെ പുകഴ്ത്തിയും കോണ്‍ഗ്രസിനെ തള്ളിയും ഗുലാം നബി ആസാദ്

നരേന്ദ്ര മോദിയെ പുകഴ്ത്തിയും കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചും ഗുലാം നബി ആസാദ്. പ്രധാനമന്ത്രിക്ക് തന്നോട് മനുഷ്യത്വത്തോടെ പെരുമാറാന്‍ സാധിച്ചുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകാന്‍ നിര്‍ബന്ധിതനായതാണ്. തന്നെ ആവശ്യമില്ലെന്ന തോന്നലാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

താനും മോദിയും ഗുജറാത്തിലെ ജനങ്ങള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കി. തന്റെ വിഷമങ്ങള്‍ മനസിലാക്കാനും തന്നെ കേള്‍ക്കാനും പ്രധാനമന്ത്രിക്ക് കഴിഞ്ഞു. താന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയതല്ല. പുറത്താക്കിയത് പോലെയാണ്. തന്റെ രാജിക്കത്തിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നല്‍കിയ മറുപടിയെയും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.

സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടത്. രാഹുല്‍ ഗാന്ധിയുടെ പക്വതയില്ലായ്മയും പാര്‍ട്ടിയിലെ കണ്‍സള്‍ട്ടേറ്റീവ് സംവിധാനത്തെ തകര്‍ത്തുവെന്നും കത്തില്‍ ആരോപിച്ചു. കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജി വെച്ചതായി അദ്ദേഹം സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.

രാജിക്ക് പിന്നാലെ താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു. ജമ്മുകശ്മീര്‍ കേന്ദ്രീകരിച്ചാകും പാര്‍ട്ടി രൂപീകരിക്കുക. രാജി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്നും പുതിയ രാഷ്ട്രീയ നിലപാട് ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാജിക്ക് പിന്നാലെ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്നു എന്നും ഗുലാബ് നബി ആസാദ് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *