Monday, April 14, 2025
National

സോണിയ ഗാന്ധിക്കയച്ച രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുലാം നബി ആസാദ്

സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഗുലാം നബി ആസാദ്. രാഹുല്‍ ഗാന്ധിയുടെ പക്വതയില്ലായ്മയും പാര്‍ട്ടിയിലെ കണ്‍സള്‍ട്ടേറ്റീവ് സംവിധാനത്തെ തകര്‍ത്തുവെന്നും കത്തില്‍ ആരോപിച്ചു. അല്‍പ സമയം മുന്‍പാമഅ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജി വെച്ചതായി അദ്ദേഹം സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി പക്വതയില്ലാതെ പെരുമാറി, കൂടിയാലോചന സംവിധാനത്തെ തകര്‍ത്തു, രാഹുല്‍ പുതിയ ഉപജാപക വൃന്ദത്തെ സൃഷ്ടിച്ചു, കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല, തുടങ്ങിയ വിമര്‍ശനങ്ങള്‍ അദ്ദേഹം കത്തില്‍ ആരോപിച്ചു.

‘രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിനത്തോടെ പ്രത്യേകിച്ച് 2013 ജനുവരിക്ക് ശേഷവും അദ്ദേഹത്തെ വൈസ് പ്രസിഡന്റായി നിയമിച്ചതിന് ശേഷവും മുമ്പ് നിലവിലുണ്ടായിരുന്ന കണ്‍സള്‍ട്ടേറ്റീവ് മെക്കാനിസം മുഴുവനും തകര്‍ത്തു. ഈ പക്വതയില്ലായ്മയുടെ ഉദാഹരണങ്ങളിലൊന്നാണ് രാഹുല്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കീറിക്കളഞ്ഞതാണ്.

2019 തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയിലെ സ്ഥിതി കൂടുതല്‍ വഷളായി. യുപിഎ ഗവണ്‍മെന്റിന്റെ സമഗ്രത തകര്‍ത്ത ‘റിമോട്ട് കണ്‍ട്രോള്‍ മോഡല്‍’ ഇപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും രാഹുല്‍ പ്രയോഗിച്ചു. നിങ്ങള്‍ (സോണിയ ഗാന്ധി) പേരിന് മാത്രമുള്ള ഒരാളായിരിക്കെ പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും രാഹുല്‍ ഗാന്ധിയോ അദ്ദേഹത്തിന്റെ ആളുകളോ എടുക്കുകയായിരുന്നു.കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ചുവരാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുന്നെന്നും അദ്ദേഹം കത്തില്‍ കുറ്റപ്പെടുത്തി.

ഭരണ നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ഗുലാം നബി ആസാദിന്റെ രാജി. പാര്‍ട്ടി പ്രവര്‍ത്തക സമിതി ചേരാനിരിക്കെയാണ് രാജിയെന്നതും പ്രധാനമാണ്. ഇതോടെ എല്ലാ പദവികളും അദ്ദേഹം ഒഴിഞ്ഞിരിക്കുകയാണ്. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് ഒറ്റപ്പെടുത്തുന്നു, നേതൃത്വത്തിന്റെ ഗുരുതരമായ വീഴ്ച എന്നിവയടക്കമുള്ള വിമര്‍ശനങ്ങള്‍ അദ്ദേഹം ഉന്നയിച്ചിരുന്നു. ജി 23 സഖ്യം കോണ്‍ഗ്രസിനെ സംബന്ധിച്ച് പ്രധാന തീരുമാനങ്ങളിലേക്കെത്തുകയാണെന്നാണ് സൂചനകള്‍.

സംഘടനാ മികവിന്റെ കാര്യത്തില്‍ അദ്ദേഹം എന്നും പുലര്‍ത്തിയ പക്വത കോണ്‍ഗ്രസിന്റെ ഭരണകാലത്തും അല്ലാത്ത കാലത്തും ഏറെ നിര്‍ണായകമായിരുന്നു. പാര്‍ലമെന്ററി പ്രവര്‍ത്തന രംഗത്തെ അദ്ദേഹത്തിന്റെ ഇടപെടലുകളും കോണ്‍ഗ്രസിന് മറക്കാനാകുന്നതല്ല.

Leave a Reply

Your email address will not be published. Required fields are marked *