ഗുലാം നബി ആസാദ് പുതിയ പാർട്ടി രൂപീകരിക്കും
കോൺഗ്രസ് പാർട്ടി വിട്ട മുതിർന്ന രാഷ്ട്രീയ നേതാവ് ഗുലാം നബി ആസാദ് പുതിയ പാർട്ടി രൂപീകരിക്കും. ജമ്മുകശ്മീർ കേന്ദ്രീകരിച്ചാകും പാർട്ടി രൂപീകരിക്കുക.
രാജി തീരുമാനത്തിൽ ഉറച്ചു നിൽക്കുമെന്നും പുതിയ രാഷ്ട്രീയ നിലപാട് ജമ്മു കശ്മീർ കേന്ദ്രീകരിച്ച് കൈക്കൊള്ളണമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. തന്റെ രാജിക്ക് പിന്നാലെ കൂടുതൽ പേർ പാർട്ടി വിടുന്നത് കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്നു എന്നും ഗുലാബ് നബി ആസാദ് വ്യക്തമാക്കി.
അതിനിടെ പാർട്ടിയിലെ അത്യപ്തരെ അനുനയിപ്പിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം തയാറെടുക്കുകയാണ്. സോണിയ ഗാന്ധിയാണ് ഇതിനായി നിർദ്ദേശം നൽകിയത്. അനന്ത് ശർമ അടക്കമുള്ളവരും ആയി കമൽനാഥ് ഉൾപ്പെടെയുള്ള നേതാക്കൾ ചർച്ച നടത്തും. ഗുലാം നബി ആസാദ് പാർട്ടിവിട്ട സാഹചര്യത്തിൽ കൂടുതൽ രാജികൾ ഉണ്ടാകും എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം, ഗുലാം നബി ആസാദ് പാർട്ടി വിട്ട സാഹചര്യത്തിൽ പ്രവർത്തകസമിതി യോഗം മാറ്റിവെക്കും എന്ന വാർത്തകൾ നിഷേധിച്ച് കോൺഗ്രസ്. ഞായറാഴ്ചത്തെ കോൺഗ്രസ് പ്രവർത്തകസമിതി യോഗം മാറ്റില്ലെന്ന് കോൺഗ്രസ് അറിയിച്ചു. പ്രവർത്തകസമിതി യോഗം വെർച്വലായി ചേരും. യോഗത്തിൽ സോണിയാഗാന്ധി വേർച്വലായ് പങ്കെടുക്കും. സോണിയ ഗാന്ധിയുടെ ലണ്ടൻ , ഇറ്റലി സന്ദർശനങ്ങളും വെട്ടിച്ചുരുക്കേണ്ട അടിയന്തര സാഹചര്യമില്ലെന്നും കോൺഗ്രസ് പറഞ്ഞു.