Thursday, March 6, 2025
National

പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന് എം.എൽ.എയ്ക്ക് സുപ്രിം കോടതിയുടെ വിലക്ക്

റോഡിലെ നിയമലംഘനത്തിന്റെ പേരിൽ ഒരു വർഷത്തേയ്ക്ക് പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് എം.എൽ.എയെ സുപ്രിം കോടതി വിലക്കി. ഒഡിഷയിൽ നിന്നുള്ള എം.എൽ.എ പ്രശാന്ത് കുമാർ ജ​​‍​ഗ്‍ദേവിനാണ് ഒരു വർഷത്തേയ്ക്ക് പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. കേസിലെ ജാമ്യ വ്യവസ്ഥയിലാണ് കോടതിയുടെ നിർദ്ദേശം.

എം.എൽ.എ പ്രശാന്ത് കുമാർ ജ​​‍​ഗ്‍ദേവ് ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ ഒരു വർഷത്തേക്ക് തന്റെ മണ്ഡലം (ചിലിക്ക) സന്ദർശിക്കാനും പാടില്ലെന്ന് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പ്രതിഷേധക്കാരുടെ ഇടയിൽ വെള്ള നിറത്തിലുള്ള ഡിസ്‌കവറി കാർ ഓടിച്ചുകയറ്റി 20 പേർക്ക് പരിക്കേറ്റുവെന്നാണ് എം.എൽ.എ പ്രശാന്ത് കുമാർ ജഗ്‌ദേവിനെതിരെയുള്ള ആരോപണം. അപകടം പറ്റിയ രണ്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു.

ഒഡീഷ ഹൈക്കോടതി നേരത്തെ എം.എൽ.എയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. മറ്റൊരു വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ചാണ് ആൾക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചുകയറ്റിയത്. ഇത്തരമൊരു നീക്കം ഒരിക്കലും ജനപ്രതിനിധിയിൽ നിന്നുണ്ടാവാൻ പാടില്ലെന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നു. പന്ത്രണ്ടോളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രശാന്ത് കുമാർ ജ​​‍​ഗ്‍ദേവ് നിയമസഭാംഗമെന്ന നിലയിൽ സ്വാധീനമുള്ള വ്യക്തിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *