പാർലമെന്റിന്റെ ഇരുസഭകളും ഓഗസ്റ്റ് 1 വരെ പിരിഞ്ഞു
രാഷ്ട്രപത്‌നി’ പരാമർശത്തിൽ പാര്‍ലമെന്റിന്റെ ഇരു സഭകളുടേയും പ്രവര്‍ത്തനം വീണ്ടും തടസ്സപ്പെട്ടു. ലോക്‌സഭ സമ്മേളനം ആരംഭിച്ചതിന് പിന്നാലെ സോണിയാ ഗാന്ധി സ്മൃതി ഇറാനി വാക്കേറ്റം ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വെയ്ക്കുകയായിരുന്നു. ബഹളത്തെ തുടർന്ന് 12 മണി വരെ സഭാനടപടികൾ നിർത്തിവെക്കേണ്ടി വന്നു. നടപടികൾ പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും ഓഗസ്റ്റ് 1 വരെ പിരിഞ്ഞു.
വെള്ളിയാഴ്ചയും പാർലമെന്റ് നടപടികൾ ആരംഭിച്ചയുടൻ പാർലമെന്റിന്റെ ഇരുസഭകളിലും ബഹളമുണ്ടായി. ലോക്‌സഭയിൽ ഭരണകക്ഷി എംപിമാർ സോണിയ ഗാന്ധി, അധീർ രഞ്ജൻ ചൗധരി എന്നിവർ മാപ്പ് പറയണം എന്ന മുദ്രാവാക്യം ഉയർത്തിയപ്പോൾ വിലക്കയറ്റം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാതെ പ്രതിപക്ഷം എംപിമാരുടെ സസ്‌പെൻഷനെതിരെ മുദ്രാവാക്യം വിളിച്ചു. അധീർ രഞ്ജൻ ചൗധരി ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
ദ്രൗപതി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോഴും മോശം പ്രസ്താവനയാണ് കോൺഗ്രസിൽ നിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അധീർ രഞ്ജൻ ചൗധരിയുടെ പ്രസ്താവനയിൽ സോണിയ ഗാന്ധി മാപ്പ് പറയണമെന്നും പ്രഹ്ലാദ് ജോഷി വിമർശിച്ചു. വ്യാഴാഴ്ചയും പാർലമെന്റിന്റെ ഇരുസഭകളിലും ബഹളമുണ്ടായി. അധീറിന്റെ പ്രസ്താവനയെച്ചൊല്ലിയുള്ള ബഹളത്തിനിടെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും തമ്മിലുള്ള വാക്കേറ്റവും ചർച്ചയായിരുന്നു. അധിർ രഞ്ജൻ ചൗധരി ഒരു ടിവി ചാനലുമായുള്ള സംഭാഷണത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാഷ്ട്രപതി എന്ന വാക്ക് ഉപയോഗിച്ചിരുന്നു. എന്നാൽ അബദ്ധത്തിൽ ആ വാക്ക് തന്നിൽ നിന്ന് വന്നതാണെന്ന് വിവാദമായതോടെ അദ്ദേഹം പറഞ്ഞു.