രാഷ്ട്രപത്നി പരാമർശം; അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതിയെ നേരിട്ട് കണ്ട് മാപ്പ് പറയും
രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെതിരായ വിവാദപരാമർശത്തിൽ നേരിട്ട് മാപ്പുപറയാമെന്ന് കോൺഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. രാഷ്ട്രപതിയെനേരിൽ കാണാൻ അദ്ദേഹം സമയം തേടി. കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയ പരാമർശമായിരുന്നു അധിര്‍ രഞ്ജന്‍ ചൗധരിയുടെ ഭാഗത്തുനിന്നുണ്ടായത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഇതിന്റെ പേരിൽ കടുത്ത അമർഷം ഉണ്ട്. രാഷ്ട്രപതിയെനേരിൽ കണ്ട് ഖേദം അറിയിക്കാൻ അധിര്‍ രഞ്ജന്‍ ചൗധരിയോട് സോണിയ ഗാന്ധി നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്.
രാഷ്ട്രപതിയെ രാഷ്ട്രപത്നിയെന്ന് എന്ന് വിശേഷിപ്പിച്ചത് അത്യന്തം അപലപനീയമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കോൺഗ്രസിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും രംഗത്തെത്തിയിരുന്നു. രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കോൺഗ്രസ് അപമാനിച്ചുവെന്ന് ആരോപണം. ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിത രാഷ്ട്രപതിയായത് കോൺഗ്രസിന് ദഹിച്ചിട്ടില്ല. സോണിയ ഗാന്ധി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ലോക്സഭയിൽ സ്‌മൃതി പറഞ്ഞു.
ദ്രൗപദി മുര്‍മു രാഷ്ട്രപതി സ്ഥാനാര്‍ഥിയായപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് നടത്തുന്നത്. അധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് മാപ്പു പറയണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധ പരാമർശം പിൻവലിക്കണമെന്ന് രാജ്യസഭയിൽ നിർമല സീതാരാമൻ ആവശ്യപ്പെട്ടു.
അതേസമയം രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ അപമാനിച്ചുവെന്ന ആരോപണം നാക്കുപിഴയാണെന്ന് അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചിരുന്നു. . സംഭവിച്ചത് നാക്കുപിഴ മാത്രം, മാപ്പ് പറയേണ്ട ആവശ്യമില്ലെനന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. പ്രസ്താവനയ്ക്കെതിരെ ബിജെപി എംപിമാര്‍ പാര്‍ലമെന്‍റ് വളപ്പില്‍ പ്രതിഷേധിച്ചു.