Monday, January 6, 2025
National

മൂന്ന് ദിവസത്തെ സന്ദ‍ർശനത്തിന് അമിത് ഷാ ഇന്ന് മണിപ്പൂരിൽ; അക്രമമേഖലകൾ സന്ദർശിച്ചേക്കും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് മണിപ്പൂർ സന്ദർശനത്തിനെത്തും. സംഘർഷാവസ്ഥ തുടരുന്ന മണിപ്പൂരിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ എത്തുന്നത്. ഗവർണറുമായും മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തും. അക്രമമുണ്ടായ മേഖലകളും സന്ദർശിച്ചേക്കും. വിവിധ ജനവിഭാ​ഗങ്ങളുമായി സംസാരിച്ച് സമാധാന ശ്രമങ്ങളും അമിത് ഷാ നടത്തും.

കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഇതിനോടകം സംസ്ഥാനത്തെത്തി സ്ഥിതി വിലയിരുത്തുന്നുണ്ട്. ചില ഗോത്രവർഗ സംഘങ്ങൾ അത്യാധുനിക ആയുധങ്ങളുമായി വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതായാണ് സർക്കാർ വിലയിരുത്തൽ.

ഇന്നലെ രാത്രി ഇംഫാലിൽ ഉണ്ടായ അക്രമത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റു. പലയിടങ്ങളിലും വെടിവയ്പ്പുണ്ടായി. സംഘർഷം സായുധ കലാപത്തിലേക്ക് വഴിമാറുമോ എന്ന ആശങ്ക നിലനിൽക്കെ, ഇതുവരെ 40 തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് മുഖ്യമന്ത്രി എൻ.ബിരേൻ സിങ് പറഞ്ഞത്. മണിപ്പൂർ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് സംഘം അധ്യക്ഷൻ മല്ലികാർജുൻ ഖർഗയുടെ നേതൃത്വത്തിൽ നാളെ രാഷ്ട്രപതിയെ കാണും.

Leave a Reply

Your email address will not be published. Required fields are marked *