ഇരട്ട ഭീകരാക്രമണം; അമിത് ഷാ നാളെ രജൗരി സന്ദർശിക്കും
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ജമ്മു കശ്മീർ സന്ദർശിക്കും. ഇരട്ട ഭീകരാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ട രജൗരി ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തും. ധാൻഗ്രിയിൽ ഭീകരാക്രമണം നടന്ന സ്ഥലം സന്ദർശിക്കുന്ന ആഭ്യന്തരമന്ത്രി കൊല്ലപ്പെട്ട സാധാരണക്കാരുടെ കുടുംബാംഗങ്ങളെയും കാണും.
രാവിലെ 11.15ന് ജമ്മുവിൽ വിമാനമിറങ്ങുന്ന ആഭ്യന്തരമന്ത്രി 11.30ന് ഹെലികോപ്റ്റർ മാർഗം രജൗരിയിലേക്ക് പുറപ്പെടും. ഉച്ചയ്ക്ക് 12 മണിക്ക് രജൗരിയിൽ എത്തുന്ന അദ്ദേഹം ഭീകരാക്രമണ സ്ഥലം പരിശോധിക്കുന്നതിനും ഇരകളുടെ കുടുംബങ്ങളുമായി സംവദിക്കുന്നതിനുമായി ധാൻഗ്രി സന്ദർശിക്കും. 1.30ന് ഷാ ജമ്മുവിലേക്ക് മടങ്ങും.
ഇതിനുശേഷം, ഉച്ചയ്ക്ക് 2 മണിക്ക് ജമ്മുവിലെ രാജ്ഭവനിൽ സിവിൽ അഡ്മിനിസ്ട്രേഷനിലെയും സുരക്ഷാ സ്ഥാപനത്തിലെയും ഉദ്യോഗസ്ഥരുടെ യോഗത്തിൽ അദ്ദേഹം അധ്യക്ഷത വഹിക്കും. വൈകുന്നേരം 4 മണിക്ക് ഡൽഹിയിലേക്ക് പോകും. സിആർപിഎഫ് രജൗരി പൂഞ്ച് മേഖലയിൽ അധിക സൈനികരെ വിന്യസിച്ചിട്ടുണ്ട്.
രജൗരി ജില്ലയിൽ നടന്ന ഇരട്ട ഭീകരാക്രമണത്തിൽ രണ്ട് കുട്ടികളടക്കം ന്യൂനപക്ഷ സമുദായത്തിലെ 7 പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് അമിത് ഷായുടെ സന്ദർശനം.