സിദ്ദീഖ് കൊലപാതകം : റിമാൻഡിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും
ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ഷിബിലി, ഫർഹാന എന്നീ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഇന്ന് തന്നെ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വിവിധ ജില്ലകളിലായി ഏഴോളം സ്ഥലങ്ങളിലാണ് കേസുമായി ബന്ധപ്പെട്ട് ഇനി തെളിവെടുപ്പ് വേണ്ടി വരിക.
കേസിലെ നിർണായക തെളിവായ സിദ്ധിഖിന്റെ മൊബൈൽ ഫോൺ ഉൾപ്പടെയുള്ളവ ഇനി കണ്ടെത്താനുണ്ട്.പ്രതികളുമായി കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ ചീരട്ടാമലയിൽ നടത്തിയ തെളിവെടുപ്പിനിടെ സിദ്ധീക്കിനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങളും, തെളിവ് നശിപ്പിക്കാനുപയോഗിച്ച വസ്തുക്കളും പൊലീസ് കണ്ടെടുത്തിരുന്നു. ശനിയാഴ്ച്ച മലപ്പുറം മജിസ്ട്രറ്റ് കോടതിയാണ് പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്
ഈ മാസം 22 നാണ് മലപ്പുറം തിരുർ സ്വദേശി സിദ്ദിഖിനെ കാണാനില്ലെന്ന് കാണിച്ച് മകൻ ഹഹദ് പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ചുരുളഴിക്കുന്നത്. ടവർ ലൊക്കേറ്റ് ചെയ്ത് പൊലീസ് ആദ്യം എത്തുന്നത് കോഴിക്കോട് ഇരഞ്ഞിപ്പലത്തെ ഡി കാസ ഹോട്ടലിലാണ്. ഈ മാസം 18ന് ഈ ഹോട്ടലിൽ രണ്ട് മുറികൾ സിദ്ധിഖ് ബുക്ക് ചെയ്തിരുന്നു. റൂം നമ്പർ നാലിൽ 18ന് രാത്രി സിദ്ദിഖ് കൊല്ലപ്പെട്ടു എന്ന നിഗമനത്തിലാണ് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന ഷിബിലി, ഇയാളുടെ പെൺസുഹൃത്ത് ഫർഹാന എന്നിവരെ ചെന്നൈയിൽ നിന്ന് പിടികൂടി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മൃതദേഹം അട്ടപ്പാടി ചുരത്തിലെ കൊക്കയിൽ തള്ളിയെന്ന വിവരം ലഭിച്ചത്.