അമിത് ഷാ മണിപ്പൂർ സന്ദർശിക്കും, പ്രശ്നം പരിഹരിക്കാൻ ജനങ്ങളോട് സംസാരിക്കും
മണിപ്പൂരിലെ സംഘർഷം നിയന്ത്രണാതീതമായ സാഹചര്യത്തിൽ വടക്കുകിഴക്കൻ സംസ്ഥാനം സന്ദർശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. താൻ ഉടൻ തന്നെ മണിപ്പൂരിലേക്ക് പോകുമെന്നും മൂന്ന് ദിവസം സംസ്ഥാനത്ത് തങ്ങുമെന്നും ഷാ പറഞ്ഞു.
പുതിയ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി മണിപ്പൂർ സന്ദർശിക്കാൻ ഒരുങ്ങുന്നത്. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ ജനങ്ങളോട് സംസാരിക്കും. സമാധാനം കാത്തുസൂക്ഷിക്കണമെന്നും എല്ലാവർക്കും നീതി ലഭ്യമാക്കണമെന്ന് എല്ലാ ഗ്രൂപ്പുകൾക്കും ഉറപ്പ് നൽകുമെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.
അതിനിടെ മണിപ്പൂരിലെ ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളുടെ അതിർത്തിയിൽ നടന്ന പുതിയ ആക്രമണത്തിൽ ഒരാൾ വെടിയേറ്റു മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. മണിപ്പൂർ പൊതുമരാമത്ത് മന്ത്രി കൊന്തൗജം ഗോവിന്ദാസിന്റെ ബിഷ്ണുപൂർ ജില്ലയിലെ വീടും അക്രമികൾ തകർത്തു. സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ കർഫ്യൂ ഇളവുകൾ പിൻവലിച്ചു. സംസ്ഥാനത്തേക്ക് കൂടുതൽ കേന്ദ്രസേനയെ അയക്കണമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് ആവശ്യപ്പെട്ടു.