Tuesday, April 15, 2025
National

സാഷയുടെ വിയോഗത്തിന് പിന്നാലെ കുനോ പാര്‍ക്കില്‍ സന്തോഷവാര്‍ത്ത; സിയായ അമ്മയായി; സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി

നമീബിയയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ച ചീറ്റപ്പുലികളില്‍ ഒന്ന് നാല് ചീറ്റക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. സിയായ എന്ന ചീറ്റയാണ് പ്രസവിച്ചത്. ചീറ്റയുടെ പുതിയ വിശേഷത്തില്‍ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, വിസ്മയകരമായ വാര്‍ത്തയെന്ന് പ്രതികരിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന്റെ ട്വീറ്റ് പങ്കുവച്ചാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.

ഭൂപേന്ദര്‍ യാദവ് പങ്കുവച്ച ട്വീറ്റില്‍ കണ്ണുതുറക്കാത്ത കുഞ്ഞുചീറ്റകളുടെ ചിത്രങ്ങളും കാണാം. നമീബിയയില്‍ നിന്നെത്തിച്ച സാഷ ചീറ്റ ചത്തതിനുപിന്നാലെയാണ് മറ്റൊരു ചീറ്റ പ്രസവിച്ചത്. 2022 സെപ്തംബര്‍ 17നാണ് സാഷ അടക്കമുള്ള ചീറ്റകളെ ഇന്ത്യയിലേക്കെത്തിച്ചത്. രാജ്യത്തെ വന്യജീവി സംരക്ഷണത്തിലെ ചരിത്രത്തിലെ സുപ്രധാന സംഭവമെന്നാണ് ചീറ്റയുടെ പ്രസവത്തെ വനം പരിസ്ഥിതി മന്ത്രി വിശേഷിപ്പിച്ചത്.

അഞ്ച് ദിവസം മുമ്പാണ് സിയായ്ക്ക് കുഞ്ഞുങ്ങള്‍ ജനിച്ചത്. എന്നാല്‍ ഇക്കാര്യം ഇന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടതെന്ന് മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നമീബിയയില്‍ നിന്ന് കൊണ്ടുവന്ന എട്ട് ചീറ്റകളിലൊന്നാണ് സിയായ. ചീറ്റയുടെ പുതിയ വിശേഷം സന്തോഷകരമായ കാര്യമാണെന്ന് ഷിയോപൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി കെ വര്‍മ്മ പ്രതികരിച്ചു.അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അമ്മയായതിന് ശേഷം സിയായ രണ്ട് മൃഗങ്ങളെ കൊന്നിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കുനോ നാഷണല്‍ പാര്‍ക്കിലെ വലിയ മതില്‍ക്കെട്ടിനുള്ളിലാണ് അമ്മച്ചീറ്റയെ നിലവില്‍ താമസിപ്പിച്ചിരിക്കുന്നത്.

വംശനാശം സംഭവിച്ച് ഇന്ത്യയില്‍ നിന്നും പൂര്‍ണമായും തുടച്ചു നീക്കപ്പെട്ട ഒരേയൊരു മാംസഭോജിയാണ് ചീറ്റ. ചീറ്റകളെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് പുനഃരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം പ്രൊജക്റ്റ് ചീറ്റ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്. നമീബയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമടക്കം ആണ്‍ ചീറ്റകളെയും പെണ്‍ചീറ്റകളെയും ഇന്ത്യയിലെത്തിച്ചിരുന്നു. സിയായ ഇന്ത്യക്കാരിയല്ലെങ്കിലും സിയായ്ക്ക് ജനിച്ച ചീറ്റക്കുഞ്ഞുങ്ങള്‍ ഇന്ത്യയിലെ സ്വന്തം ചീറ്റയായി ആയിരിക്കും വളരുക.

Leave a Reply

Your email address will not be published. Required fields are marked *