Tuesday, January 7, 2025
National

അദാനി, രാഹുൽ ഗാന്ധി; പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

അദാനി – രാഹുൽ ഗാന്ധി അയോഗ്യതാ വിഷയങ്ങളിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. രണ്ട് വിഷയങ്ങളിലും സഭ നിർത്തി വച്ച് ചർച്ച വേണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി ലഭിച്ചില്ലെങ്കിൽ സഭയിൽ കഴിഞ്ഞ ദിവസത്തെ പോലെ പ്രതിപക്ഷം പ്രതിഷേധിയ്ക്കും. ഇന്നലെ നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

അതേസമയം, പേപ്പർ ചിന്തി അദ്ധ്യക്ഷ പീഠത്തിലേക്കെറിഞ്ഞ കോൺഗ്രസ് അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട അച്ചടക്ക നടപടി നിർദ്ദേശം സർക്കാർ പ്രമേയമായി അവതരിപ്പിച്ചേക്കും. സഭാ സമ്മേളനത്തിന് മുൻപ് പ്രതിപക്ഷ പാർട്ടികളുടെ യോഗവും പ്രതിഷേധവും ഇന്നും ഉണ്ടാകും.

ഇന്നലെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ രാഹുലിനെ അയോഗ്യനാക്കിയ വിജ്ഞാപനമടക്കമുള്ള പേപ്പറുകൾ കീറിയെറിഞ്ഞു. തുടർന്ന് സഭാ നടപടികൾ രണ്ട് മണി വരെ നിർത്തിവയ്ക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടിന് ലോക്സഭ വീണ്ടും ചേരും. സഭാനടപടികൾ ആരംഭിച്ചയുടൻ പ്രതിപക്ഷ ബഞ്ചുകളിലെ അംഗങ്ങൾ നടുത്തളത്തിലേക്ക് വന്ന് ചെയറിന് നേരെ പേപ്പറുകൾ എറിയാൻ തുടങ്ങി. ഇന്നും കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ അംഗങ്ങളിൽ ചിലരെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *